‘ലൂസിഫര്‍ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും’ ; കുറിപ്പ് വൈറല്‍
1 min read

‘ലൂസിഫര്‍ മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും’ ; കുറിപ്പ് വൈറല്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. രണ്ടാം ഭാഗം എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസില്‍ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി ബജറ്റിലാണ് എമ്പുരാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

ചിത്രത്തിന്റെ ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം അടുത്തിടെയാണ് മോഹന്‍ലാല്‍ അറിയിച്ചത്. മോഹന്‍ലാലിന്റെ പുതിയ ലുക്കും ഏറെ ചര്‍ച്ചയാവുന്നുണ്ട് ഇപ്പോള്‍. എഴുത്ത് കഴിഞ്ഞെന്നും ഇതൊരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. ലൂസിഫറില്‍ കണ്ട കഥയുടെ കേവല തുടര്‍ച്ച മാത്രമായിരിക്കില്ല പുതിയചിത്രമെന്നും ‘ലൂസിഫറി’ന്റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത് ഒരു കുറിപ്പാണ്. എമ്പുരാനും അത് കഴിഞ്ഞ് വരുന്ന മൂന്നാം ഭാഗവും എങ്ങനെയായിരിക്കും അതില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കൂടി വരുമെന്നാണ് കുറിപ്പില്‍ പ്രവചനം നടത്തിയിരിക്കുന്നത്. ഡെന്നി ഡെവിസാണ് സിനി ഫൈല്‍ ഗ്രൂപ്പില്‍ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഒരു പ്രവചനം ആണ്. ലൂസിഫര്‍ എന്ന സിനിമക്ക് 3 പാര്‍ട്ട് ആണ് ഉള്ളത്. ആദ്യ പാര്‍ട്ടില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി തകര്‍ത്തഭിനയിച്ച് അവസാനം ഖുറേഷി അബ്രാം വന്ന് രണ്ടാം ഭാഗത്തിലേക്കുള്ള ഹൈപ്പ് കൂട്ടി, ഇനി രണ്ടാം ഭാഗത്തില്‍ ഖുറേഷി അബ്രാം തകര്‍ത്തഭിനയിച്ച് ക്ലൈമാക്‌സില്‍ മമ്മുക്കയെ അവതരിപ്പിച്ച് മൂന്നാം ഭാഗത്തിലേക്ക് ഹൈപ്പ് കൂട്ടും. അവസാനം മൂന്നാം ഭാഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂടി ഇന്ത്യന്‍ സിനിമയുടെ സകല റെക്കോര്‍ഡുകളും തൂത്തുവാരും. കൂട്ടത്തില്‍ പൃഥിരാജ് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനുമാവും. ആശീര്‍വാദ് സിനിമാസ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പ്രൊഡക്ഷന്‍ കമ്പനിയും ആവും. മാത്രമല്ല ഖുറേഷി – അബ്രാം എന്നത് 2 പേരാണെന്നുള്ള സാധ്യതകള്‍ ഇപ്പോള്‍ പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഖുറേഷി മമ്മുക്കയും അബ്രാം ലാലേട്ടനുമായിരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.