ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ
1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്.

14 ജില്ലകളിൽ നിന്നുള്ള ഫാൻസ് അസോസിയേഷനുകളിൽ പെട്ട അംഗങ്ങളും അവരുടെ കുടുംബവും ചടങ്ങിനായി എത്തിയിരുന്നു. മോഹൻലാലിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഓരോരുത്തരും ഏറെ ആവേശപൂർവ്വമാണ് ചടങ്ങിനായി എത്തിയിരുന്നത്. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്‍റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’’…എന്നാണ് ചടങ്ങിൽ പ്രസംഗിക്കവേ മോഹൻലാൽ പറയുകയുണ്ടായത്. ഹർഷാരവത്തോടെയാണ് ഏവരും ഈ വാക്കുകളെ ഏറ്റെടുത്തത്.

പരിപാടിയുടെ അവസാനം ഓരോരുത്തരുടേയും കൂടെ നിന്ന് ഫോട്ടോയെടുക്കാനും അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി. പ്രായഭേദമെന്യേ ഓരോരുത്തരും ഫോട്ടോയെടുക്കാനെത്തിയപ്പോള്‍ ക്യൂ നീണ്ടുനീണ്ടുപോയി. ഒടുവിൽ 5641 ആളുകളാണ് മോഹൻലാലിനോടൊപ്പം ഓരോരുത്തരായി നിന്ന് ഫോട്ടോയെടുക്കുകയുണ്ടായത്. ഇത്രയും പേരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ ഒരു സൂപ്പർസ്റ്റാർ തന്‍റെ സമയം നൽകുകയെന്നതുതന്നെ വലിയൊരു അപൂർവ്വതയാണ്. ”എവിടെ ആയിരുന്നാലും നിങ്ങളുടെ ലാലേട്ടനായി ഞാനുണ്ടാകും. സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ചുറ്റും നിങ്ങളുള്ളപ്പോൾ എനിക്കു വേറെന്താ വേണ്ടെ’’, എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്‍റെ ആരാധകരെ താൻ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ പറയാതെ പറയുകയായിരുന്നു.

ഇത് മലയാളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. തന്‍റെ ആരാധകരുടെ സന്തോഷത്തോടൊപ്പം അദ്ദേഹവും ചേരുകയാണ്. ഒരാള്‍ക്കുപോലും അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനാവാതെ മടങ്ങേണ്ടിവരില്ല. ഇത് സ്വര്‍ണ്ണലിപികളിൽ എഴുതപ്പെടുന്ന ദിവസമാണ്. ചരിത്രമാണ്. സ്വപ്നതുല്യമായ കാര്യമാണ്, മോഹൻലാലിന്‍റെ സന്തതസഹചാരിയായ ആന്‍റണി പെരുമ്പാവൂർ പറഞ്ഞു. . ഇത് ലാലേട്ടനല്ലാതെ വേറൊരാളും മലയാള സിനിമയിൽ ചെയ്യില്ല. ലോകത്തുതന്നെ ഇതാദ്യമായാണ്, ഈ റെക്കോർഡ് തിരുത്തണമെങ്കിൽ ഇനി ലാലേട്ടൻ തന്നെ വിചാരിക്കണമെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും പ്രതികരിച്ചു.