ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും
1 min read

ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും

തൊടുപുഴയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തം നീട്ടി നടൻ ജയറാം എത്തിയതിന് പിന്നാലെ കുട്ടികർഷകർക്ക് കൈത്താങ്ങായി മമ്മൂട്ടിയും പൃഥ്വിരാജും എത്തി. ജയറാം തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുട്ടികളെ നേരില്‍ക്കണ്ട് നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം തന്‍റെ പുതിയ സിനിമയുടെ അണിയറപ്രവർത്തകരുടെ കൂടി സമ്മതത്തോടെ കുടുംബത്തിന് ആശ്വാസമായി തുക നൽകിയത്.

ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഈ കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കുകയുണ്ടായി. മമ്മൂട്ടി ഒരു ലക്ഷം രൂപയാണ് കൈമാറുമെന്ന് അറിയിച്ചത്. നടൻ പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും ഈ കർഷക കുടുംബത്തിന് സഹായമായി നൽകുമെന്ന് അറിയിച്ചു. ഇത്ര വലിയ സഹായം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും കുട്ടികർഷകനായ മാത്യുവിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്നും മാത്യു ബെന്നി അറിയിച്ചു.

അതേസമയം, മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും രാവിലെ പത്തരയോടെ മാത്യുവിന്‍റെ വീട്ടിലെത്തുകയും മിൽമ ഇന്ന് തന്നെ 45,000 രൂപ ഈ കുടുംബത്തിന് കൈമാറുമെന്നും, ഒരാഴ്ചയ്ക്കകം അഞ്ച് മുന്തിയ ഇനം പശുക്കളെ ഈ കുടുംബത്തിന് ഫ്രീയായി നൽകുമെന്നും അറിയിക്കുകയുണ്ടായി. കപ്പത്തൊണ്ട് കഴിച്ച് ചത്ത 13 പശുക്കളുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം നടത്താനാണ് അധികൃതരുടെ തീരുമാനം.