”മമ്മൂട്ടിയും മോഹൻലാലുമൊഴികെ ആരും മലാളത്തിൽ താരമെന്ന നിലയിൽ പരിഗണിക്കപ്പെടുന്നില്ല”; മനസ് തുറന്ന് റസൂൽ പൂക്കുട്ടി
മലയാള സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചും തനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ തുറന്ന് പറയുകയാണ് സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടി. പുഴു, മിന്നൽ മുരളി, ന്നാ താൻ കേസ് കൊട് തുടങ്ങിയവയാണ് ഈയടുത്ത് കണ്ടവയിൽ തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രം കണ്ട് താൻ ഒരുപാട് ചിരിച്ചെന്നും റസൂൽ പൂക്കുട്ടി പറയുന്നു.
അതേസമയം മമ്മൂട്ടിയെയും മോഹൻലാലിനെയും മാറ്റി നിർത്തിയാൽ മറ്റാരും താരമെന്ന നിലയിൽ പരിഗണിക്കപ്പെടുന്നില്ലെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. ഗലാട്ടെ പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ”അടുത്ത് കണ്ട മലയാളം സിനിമകളിൽ പുഴു എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. ന്നാ താൻ കേസ്കൊട് കണ്ട് ഒരുപാട് ചിരിച്ചു.
മലയാളം സിനിമയെ വ്യത്യസ്തമാക്കി നിർത്തുന്നത് എഴുത്താണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും മാറ്റി നിർത്തിയാൽ ക്യാമറയുടെ മുൻപിൽ ആരും താരമെന്ന നിലയിൽ ഇവിടെ പരിഗണിക്കപ്പെടുന്നില്ല. പ്രേം നസീർ, മധു തുടങ്ങിയ പരമ്പരയിൽ നിന്നും വരുന്നവരാണ് ഇവർ. ബാക്കിയുള്ളവർ സിനിമയെ സ്നേക്കുന്നവരാണ്. അതുകൊണ്ടാണ് അവർ ഒരേ സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നത്.
മൾട്ടി സ്റ്റാർ എന്ന് പറയുന്ന സിനിമകളിൽ അഭിനയിക്കുന്നവർക്കെല്ലാം അവരുടേതായ വിസിബിലിറ്റിയുണ്ട്. എന്റെ സിനിമ തന്നെ നോക്കൂ, അതിൽ ഒരുപാട് ആർട്ടിസ്റ്റുകളുണ്ട്. ഒറ്റ എന്ന സിനിമയിൽ ആസിഫ് അലിയുണ്ട്, അർജുൻ അശോകനുണ്ട്, ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ഹിന്ദിയിൽ നിന്നും ആദിൽ ദിവ്യദത്ത തുടങ്ങിയവരുണ്ട്. സിനിമയെ സ്നേഹിക്കുന്നത് കൊണ്ടാണ് അവരെല്ലാം ഒന്നിച്ച് വന്നത്. അതാണ് ഞങ്ങളെയെല്ലാം ഒന്നിച്ച് നിർത്തുന്നത്. പ്രത്യേകിച്ച് മലയാളം സിനിമയിൽ”- റസൂൽ പൂക്കുട്ടി പറഞ്ഞു.