കാളിദാസ് ജയറാം, മാളവിക ജയറാം വിവാഹ നിശ്ചയം; ഇവന്റ് ഓർ​ഗനൈസർ അപർണ്ണ ബാലമുരളി
1 min read

കാളിദാസ് ജയറാം, മാളവിക ജയറാം വിവാഹ നിശ്ചയം; ഇവന്റ് ഓർ​ഗനൈസർ അപർണ്ണ ബാലമുരളി

ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങ് ​ഗംഭീരമായിരുന്നു എന്ന് ഫോട്ടോസ് കണ്ടാലറിയാം. എന്നാൽ അത്രയ്ക്കും മനോഹരമായ ആ വേദിയൊരുക്കിയത് മറ്റാരുമല്ല. ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയ നടിയുമായ അപർണ ബാലമുരളിയാണ്. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെ’ന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മോഡലായ നീലഗിരി സ്വദേശിനി താരിണി കാളിദാസിന് വധുവാകുമ്പോൾ പാലക്കാട് സ്വദേശി നവനീത് ആണ് മാളവികയെ വിവാഹം കഴിക്കുന്നത്. ‘‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്.’’ – കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി കുറിച്ചു.

അപർണയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നൽകുന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ്. ചെന്നൈയിൽ നടന്ന കാളിദാസ്–താരിണി വിവാഹനിശ്ചയ ചടങ്ങിനു പിന്നിൽ മാത്രമല്ല മുന്നിലും അപർണയുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. സംഗീത സംവിധായകന്‍ സുഷിൻ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചും അപർണ അതിഥികളുടെ മനം കവർന്നു.