‘സ്റ്റേജിൽ വെള്ളം കുടിക്കാൻ ചേച്ചിക്ക് പ്രത്യേകം ചെറിയ ബോട്ടിലുകളുണ്ട്, ചെറിയ ഫാനുകളും കൈയ്യിലുണ്ടാകും’; കെഎസ് ചിത്രയെ കുറിച്ച് കെ കെ നിഷാദ്
1 min read

‘സ്റ്റേജിൽ വെള്ളം കുടിക്കാൻ ചേച്ചിക്ക് പ്രത്യേകം ചെറിയ ബോട്ടിലുകളുണ്ട്, ചെറിയ ഫാനുകളും കൈയ്യിലുണ്ടാകും’; കെഎസ് ചിത്രയെ കുറിച്ച് കെ കെ നിഷാദ്

കേരളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ലൈവ് സംഗീത പരിപാടി ആസ്വദിച്ചവരെല്ലാവരും ഏറെ ആസ്വദിച്ചിട്ടുള്ളതാണ് കെ.എസ്.ചിത്ര–കെ.കെ.നിഷാദ് കോംബോയുടെ ഗാനങ്ങള്‍. പതിനെട്ട് വർഷത്തോളമായി കെ.എസ്.ചിത്രയ്ക്കൊപ്പം ലൈവ് പാടുന്നുണ്ട് കെ.കെ.നിഷാദ്. ഇപ്പോഴിതാ ചിത്ര ചേച്ചിയിൽ താൻ കണ്ടിട്ടുള്ള പ്രത്യേകതകള്‍ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിഷാദ് വെളിപ്പെടുത്തിയിരിക്കുകയാണ്.

”ഇത്രയും ഉയരത്തിലുള്ള ഒരാളാണെന്നെന്നും ചേച്ചിയുടെ പെരുമാറ്റം കാണുമ്പോൾ നമുക്ക് തോന്നില്ല. ചിത്ര ചേച്ചി വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് പെരുമാറുക. ചേച്ചിയെ കാണുന്നത് എപ്പോഴും എനിക്ക് കൗതുകമാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒരിക്കൽ ചേച്ചിയുടെ ഭർത്താവ് വിജയശങ്കർ ചേട്ടൻ വഴിയാണ് ചേച്ചിക്കൊപ്പം ലൈവ് പാടാൻ ഞാനെത്തിയത്. ചേച്ചിയിൽ നിന്നു ഒരുപാടു കാര്യങ്ങൾ കണ്ടു പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്ര ഉയരത്തിൽ നിൽക്കുമ്പോഴും എങ്ങനെ ഇത്ര വിനയാന്വിതയായി പെരുമാറാനും ഓരോരുത്തരെയും പ്രത്യേകം ഗൗനിക്കാനും പറ്റുന്നു എന്ന് അദ്ഭുതത്തോടെ ഇടയ്ക്ക് ഞാൻ ആലോചിക്കാറുണ്ട്. ഓരോ പ്രോഗ്രാം നടക്കുമ്പോഴും കൂടെയുള്ള പാട്ടുകാർക്ക് പാടാനുള്ള പാട്ടുകൾ കുറഞ്ഞു പോകരുതെന്ന ശ്രദ്ധയും കരുതലും എപ്പോഴും ചേച്ചി കാണിക്കാറുണ്ട്”, നിഷാദ് പറയുന്നു.

”സ്റ്റേജിൽ വെള്ളം കുടിക്കാൻ ചേച്ചിക്ക് പ്രത്യേകം ബോട്ടിലുകളുണ്ട്. നൊട്ടേഷൻ സ്റ്റാൻഡിൽ വയ്ക്കാൻ കഴിയുന്ന ചെറിയ ബോട്ടിലുകളാവ. യുഎസ്ബിയിൽ പ്രവർത്തിക്കുന്ന ചെറിയ ഫാനുകൾ അങ്ങനെ ചിലതൊക്കെ കൗതുകത്തോടെ കൊണ്ടു നടക്കുന്നയാളാണ് ചേച്ചി. എപ്പോഴും സ്റ്റേജിൽ ആദ്യത്തെ രണ്ടു പാട്ടു കഴിയുന്നതുവരെ ചേച്ചിക്ക് നല്ല ടെൻഷനായിരിക്കും. നമ്മളൊന്നും എന്തു പറഞ്ഞു കൂളാക്കാൻ നോക്കിയാലും നടക്കില്ല. സത്യത്തിൽ ഞങ്ങളെയൊക്കെ കൂളാക്കി നിറുത്തുന്നയാളാണ് ചേച്ചിയാണ്. ആർട്ടിസ്റ്റുകളോടു മാത്രമല്ല ചേച്ചിയെ കാണാൻ വരുന്ന ഓരോരുത്തരോടും മാനുഷിക പരിഗണനയോടെയാണ് എപ്പോഴും ചേച്ചി പെരുമാറുന്നത്”, നിഷാദിന്‍റെ വാക്കുകള്‍.

കോഴിക്കോട് സ്വദേശിയായ നിഷാദ് 2001-മുതൽ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമാണ്. മാമ്പഴക്കാലത്തിലെ കണ്ടു കണ്ടു, ബോയ് ഫ്രണ്ടിലെ ഓമനേ, തിരക്കഥയിലെ പാലപ്പൂവിതളിൽ, ഗദ്ദാമയിലെ നാട്ടുവഴിയോരത്തെ, നടനിലെ ഒറ്റയ്ക്ക് പാടുന്ന തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങള്‍ നിഷാദ് ആലപിച്ചിട്ടുണ്ട്.