പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു
1 min read

പ്രിയദർശൻ – മോഹൻലാൽ മാസ്റ്റർപീസ് ‘കാലാപാനി’ റിലീസ് ചെയ്തിട്ട് 26 വർഷം തികയുന്നു

ലയാള സിനിമയില്‍ ചരിത്രം പറഞ്ഞ സിനിമകള്‍ നിരവധിയാണ്. അതിലൊന്നാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി. മലയാള സിനിമയ്ക്ക് മികച്ച ഫ്രെയിമുകള്‍ സമ്മാനിച്ച ചിത്രമായിരുന്നു കാലാപാനി. മലയാളത്തില്‍ അത് വരെയുണ്ടായ ബിഗ്ബജ്റ്റ് സിനിമ കൂടിയായിരുന്നു കാലാപാനി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പ്രഭു, അംരീഷ് പുരി, തബു എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഗോവര്‍ദ്ദന മേനോന്‍. ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഏറ്റവും ഭീകരമായ ഒരു മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പ്രിയദര്‍ശന്‍ തന്റേതായ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ മലയാളികള്‍ക്ക് മികച്ച ഒരു കാഴ്ച്ചവിരുന്നായിരുന്നു കാലാപാനി എന്ന ചിത്രം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലിലെ തടവുകാരുടെ അവസ്ഥയാണ് ഈ സിനിമയിലൂടെ ആവിഷ്‌കരിച്ചിരുന്നത്. ഇന്ത്യയില്‍ തങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരോട് ബ്രിട്ടീഷുകാര്‍ കാണിക്കുന്ന ക്രൂരതയൊക്കെ വളരെ മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചിത്രം പുറത്തിറങ്ങി 26 വര്‍ഷം പിന്നിടുകയാണ് ഇപ്പോള്‍. ഇത്രയും വര്‍ഷത്തിന് ശേഷവും മലയാള സിനിമയില്‍ കാലാപാനി പോലൊരു സിനിമ ഉണ്ടാകാത്തത് വന്‍ നഷ്ടം തന്നെയാണ്. 1996ലെ വിഷുക്കാലത്താണ് കാലാപാനി റിലീസ് ചെയ്തത്.

തമിഴിലും ഹിന്ദിയിലും ചിത്രം എത്തിയിരുന്നു. ഹിന്ദി റൈറ്റ്‌സിന് 1 കോടിയായിരുന്നു അന്ന് വാങ്ങിയത്. അന്നത്തെക്കാലത്ത് രണ്ടരക്കോടി രൂപ മുതല്‍ മുടക്കിയാണ് ചിത്രം ഒരുക്കിയത്. തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. പ്രിയദര്‍ശന്റെ കഥയില്‍ കാലാപാനിക്ക് തിരക്കഥയൊരുക്കിയത് ടി ദാമോദരനാണ്. സന്തോഷ് ശിവനായിരുന്നു സിനിമാട്ടോഗ്രഫി ചെയ്തത്. ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ എംജി ശ്രീകുമാറും ചിത്രയുമായിരുന്നു ഗാനങ്ങള്‍ ആലപിച്ചത്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും കാലാപാനി എന്ന ചിത്രത്തിന് മൂന്ന് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളാണ് ലഭിച്ചത്. മികച്ച ഛായാഗ്രഹണം, കലാസംവിധാനം, സ്‌പെഷ്യല്‍ ഇഫക്ട്‌സ് എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും, മികച്ച് രണ്ടാമത്തെ ചലച്ചിത്രം, മികച്ച് സംവിധായകന്‍, മികച്ച് അഭിനേതാവ്, മികച്ച് സംഗീതം സംവിധായകന്‍, മികച്ച് പ്രോസസിങ് ലാബ് മികച്ച് വസ്ത്രാലങ്കാരം, മികച്ച് കലാസംവിധാനം എന്നിങ്ങനെ ആറ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. അതേ സമയം തന്നെ തീയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം ഹിറ്റ്‌ലറും എത്തിയതാണ് കാലാപാനിയുടെ കളക്ഷന്‍ കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ അന്ന് വന്നിരുന്നു.

മലയാളത്തിലെ എക്കാലത്തേയും ക്ലാസിക്ക് സിനിമകളിലൊന്നായ കാലാപാനി പുറത്തിറങ്ങി 26 വര്‍ഷം കഴിയുമ്പോഴും ആ ചിത്രം വേദനയോടെയല്ലാതെ ആര്‍ക്കും കണ്ടുതീര്‍ക്കാനാവില്ല. അത്രക്കും നല്ല മോക്കിംങ് ആയിരുന്നു ചിത്രത്തിന്റേത്. കാലാപാനിയ്ക്ക് ശേഷം അതുപൊലെ ഒരു സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നും അതുണ്ടാകാത്തത് നഷ്ടം സഹിക്കാന്‍ തയ്യാറായ നിര്‍മാതാക്കള്‍ മുന്നോട്ട് വരാത്തതുകൊണ്ടാണെന്നും ഒരിക്കല്‍ പ്രിയദര്‍ശന്‍ പറയുകയുണ്ടായി.