മമ്മൂട്ടി ചെയ്യേണ്ടത് മോഹൻലാൽ ചെയ്തതും അല്ലാതെയുമുള്ള ചില സിനിമകളെ പരിചയപ്പെടാം
1 min read

മമ്മൂട്ടി ചെയ്യേണ്ടത് മോഹൻലാൽ ചെയ്തതും അല്ലാതെയുമുള്ള ചില സിനിമകളെ പരിചയപ്പെടാം

സിനിമയെ സംബന്ധിച്ചിടത്തോളം ചില സന്ദർഭങ്ങളിലെല്ലാം നമ്മൾ കേട്ടിട്ടുള്ള കാര്യമാണ് ഒരു നടനെ വെച്ച് ചെയ്യാനിരുന്ന സിനിമ പിന്നീട് അയാളെ ഏൽപ്പിക്കാതെ മറ്റൊരാളെ വെച്ച് പൂർത്തികരിച്ചു എന്നത്. പലപ്പോഴും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും , അതിനുള്ള കാരണം എന്താണെന്നും നമ്മളിൽ പലരും ചിന്തിക്കാറുണ്ട്. ഒന്നുകിൽ നടന്മാരുടെ അസൗകര്യം കൊണ്ടാവാം, അല്ലെങ്കിൽ കഥാപാത്രങ്ങളോടോ , തിരക്കഥയോടുള്ള താൽപര്യകുറവായിരിക്കാം. മലയാള സിനിമയിലെ മിക്ക നടന്മാരും ഇത്തരത്തിൽ സിനിമകളിൽ നിന്ന് പിന്മാറുകയും പിന്നീട് മറ്റു നടന്മാരെ വെച്ച് സിനിമ നിർമ്മിക്കുകയും ചെയ്‌തിട്ടുണ്ട്‌. പലപ്പോഴും ഇത്തരം സിനിമകൾ സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്‌ത സന്ദർഭവും നമ്മുക്ക് മുന്നിലുണ്ട്.

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും, മോഹൻലാലിൻ്റെയും സിനിമകളും ഈ കൂട്ടത്തിലുണ്ട്. മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുകയും , ചിത്രം വളരെ ഹിറ്റ് ആവുകയും ചെയ്ത അനുഭവങ്ങളുണ്ട്. തിരിച്ചും സംഭവിച്ച ഘട്ടങ്ങളുണ്ട്. ഒരാൾക്കു വേണ്ടി എഴുതിയ സിനിമ, അഭിനയിച്ചത് മറ്റൊരാൾ , സിനിമ വൻ വിജയം. മറ്റ് നടന്മാർക്ക് വേണ്ടി എഴുതുകയും മമ്മൂട്ടിയും , മോഹൻലാലും അഭിനയിക്കുകയും ചെയ്ത സിനിമകളുണ്ട്. അങ്ങനെയുളള കുറച്ചു സിനിമകളെയും , തിരക്കഥകളെയും , നടന്മാരെയും നമ്മുക്ക് പരിചയപ്പെടാം.

ഗ്രേറ്റ് ഫാദർ

2017− ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് “ദി ഗ്രേറ്റ്‌ ഫാദർ” . ഓഗസ്റ്റ്‌ സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ നിർമ്മാണം നിർവഹിച്ച സിനിമയായിരുന്നു ഇത്. സിനിമയിൽ അഭിനയിക്കാൻ പൃഥ്വിരാജിനെ ക്ഷണിച്ചെങ്കിലും താരം ഇതിൽ നിന്ന് പിന്മാറുകയും പടം പിന്നീട് മമ്മൂട്ടിയ്ക്ക് കൈമാറുകയുമായിരുന്നു. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രമായി മാറുവാൻ ദി ഗ്രേറ്റ് ഫാദർ ന് സാധിക്കുകയും ചെയ്‌തു. സിനിമ പിന്നീട് സൂപ്പർ ഹിറ്റ് ആയി മാറുകയും ചെയ്‌തു.

തൊമ്മനും മക്കളും

2005 – ൽ ഷാഫി സംവിധാനം ചെയ്‌ത ചിത്രമാണ് “തൊമ്മനും മക്കളും”. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. പടം സൂപ്പർ ഹിറ്റ് ആയെന്ന് മാത്രമല്ല 2005 – ൽ പുറത്തിറങ്ങിയ സിനിമകളിൽ കൂടുതൽ കളക്ഷൻ നേടിയ പടം കൂടിയായിരുന്നു തൊമ്മനും മക്കളും . സിനിമയിൽ ജയസൂര്യ, പൃഥ്വിരാജ് എന്നിവരെ ആയിരുന്നു മമ്മൂട്ടിയുടെയും ലാലിൻ്റെയും സ്ഥാനത്തായി സംവിധായകൻ ആദ്യം കണ്ടിരുന്നത്. എന്നാൽ പിന്നീട് സിനിമയിൽ വലിയ പൊളിച്ചെഴുത്ത് നടത്തി ജയസൂര്യ,പൃഥ്വിരാജ് എന്നിവർക്ക് പകരം നടന്മാരായി മമ്മൂട്ടിയെയും, ലാലിനെയും നിശ്ചയിക്കുകയും, ലാലിന് നൽകാനിരുന്ന കഥാപാത്രത്തെ മാറ്റി രാജൻ . പി . ദേവിനെ ആ കഥാപാത്രം ഏൽപ്പിക്കുകയുമായിരുന്നു.

പുതിയ നിയമം

സിനിമ പുറത്ത് ഇറങ്ങുന്നതിന് മുൻപ് തന്നെ ഏറെ ചർച്ചചെയ്യുകയും , ശ്രദ്ധിക്കപ്പെടുകയും ചെയ്ത സിനിമയായിരുന്നു “പുതിയ നിയമം “. മലയാളത്തിലേയ്ക്കുള്ള നയൻതാരയുടെ തിരിച്ചു വരവ് കൂടെ ചിത്രത്തിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നടൻ സുരേഷ് ഗോപിയെ നായകനാക്കി ചിത്രം നിർമ്മിക്കുവാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ താരം ഈ അവസരം നിരസിച്ച സാഹചര്യത്തിലാണ് ചിത്രം മമ്മൂട്ടിയിലേയ്ക്ക് കൈമാറുന്നത്. എ. കെ . സാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2016- ൽ പുറത്തിറങ്ങിയ ഒരു മലയാളം ക്രൈം ഡ്രാമ ചിത്രമായിരുന്നു പുതിയ നിയമം.

തച്ചിലേടത്ത് ചുണ്ടൻ

1999 ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ- നാടക ചിത്രമാണ് തച്ചിലേടത്ത് ചുണ്ടൻ, തമ്പി കൃഷ്ണന്തം നിർമ്മിച്ച്, മമ്മൂട്ടി, നന്ദിനി, തിലകൻ, നെദുമുടി വേണു, ക്യാപ്റ്റൻ രാജു, കാവേരി എന്നിവർ അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടിയാണ്. എന്നാൽ സിനിമ ആദ്യം മോഹൻലാലിനെ വെച്ച് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് മോഹൻലാൽ വിസമ്മതിച്ചതോട് കൂടെയാണ് നായക വേഷം ചെയ്യാൻ മമ്മൂട്ടിയെ പരിഗണിക്കുന്നത്.

ഭൂതകണ്ണാടി

1997 – ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിയതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു “ഭൂത കണ്ണാടി”. രജനികാന്തിനെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഭൂതകണ്ണാടി. എന്നാൽ ഒരു സാവധാനം മൂഡിലുള്ള സിനിമ എന്ന നിലയ്ക്ക് തനിയ്ക്ക് ചെയ്യാൻ താൽപര്യമില്ലെന്ന് പ്രകടിപ്പിച്ച് ചിത്രത്തിൽ നിന്നും താരം പിന്മാറുകയും, സിനിമ പിന്നീട് മമ്മൂട്ടിയെ ഏൽപ്പിക്കുകയുമായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു “ഭൂതകണ്ണാടി “.

പാലേരി മാണിക്യം

മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സം‌വിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ “പാലേരിമാണിക്യം “. ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ. ടി.പി. രാജീവൻ ഇതേ പേരിൽ എഴുതിയ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു പാലേരി മാണിക്യം. രഞ്ജിത്തിൻ്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നുകൂടെയായി പരിഗണിക്കുന്ന ചിത്രമാണ് പാലേരിമാണിക്യം. മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നുകൂടെ ആയിരുന്നു പാലേരി മാണിക്യം. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങൾ നാടക നടന്മാരെ വെച്ച് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീട് സ്റ്റാർ വാല്യൂ കണക്കാക്കി മുഖ്യ കഥാപാത്രം മമ്മൂട്ടിയെയാക്കി സിനിമ നിർമ്മിക്കുകയായിരുന്നു.

താപ്പാന

ജോണി ആന്റണി, മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് “താപ്പാന “. 2012- ലാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ മോഹൻലാലിന് വേണ്ടി ജോണി ആന്റണി പ്ലാൻ ചെയ്ത തിരക്കഥയായിരുന്നു ഇത്. ” എട്ടാം ക്ലാസും ഗുസ്‌തിയും ” എന്നായിരുന്നു അന്ന് സിനിമയ്ക്ക് പേരിടാൻ നിശ്ചയിച്ചിരുന്നത്. പക്ഷേ മോഹൻലാൽ അന്ന് സിനിമ ചെയ്യാൻ താൽപര്യം കാണിക്കാതിരിക്കുകയും പിന്നീട് താപ്പാന എന്ന പേരിൽ പടം മമ്മൂട്ടിയെ വെച്ച് ചെയ്യുകയുമായിരുന്നു.

നീലഗിരി

രഞ്ജിത്തിൻ്റെ രചനയിൽ ഐ .വി ശശി സംവിധാനം ചെയ്ത് 1991 -ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്ര മാണ് “നീലഗിരി” . സിനിമയിൽ ആദ്യം മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ മോഹൻലാൽ പിന്മാറിയതോടെ മമ്മൂട്ടിയെ നായകനാക്കി സിനിമ നിർമ്മിക്കുകയായിരുന്നു. സിനിമ ചെയ്യാൻ യഥാർഥത്തിൽ മമ്മൂട്ടി താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ സിനിമ തിയേറ്ററുകളിൽ വൻ പരാജയമായി മാറുകയായിരുന്നു.

തൃഷ്ണ

1981 -ൽ ഐ.വി. ശശി സംവിധാനം ചെയ്ത് റോസമ്മ ജോർജ് നിർമ്മിച്ച സിനിമയാണ് “തൃഷ്ണ”. ഈ സിനിമയിൽ മമ്മൂട്ടി, രാജലക്ഷ്മി, സ്വപ്ന, കവിയൂർ പൊന്നമ്മ എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്തത്. സിനിമയിൽ ആദ്യം നായകനായി കണ്ടത് ബാബു നമ്പൂതിരിയെ ആയിരുന്നു. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ച് ബാബു നമ്പൂതിരി അഭിനയിക്കുകയും ചെയ്‌തിരുന്നു. അതേസമയം പ്രതീക്ഷിച്ച തരത്തിലുള്ളൊരു ഔട്ട്പുട്ട് ബാബു നമ്പൂതിരിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് . ബാബു നമ്പൂതിരിയെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയും , ചിത്രം മമ്മൂട്ടിയെ ഏൽപ്പിക്കുകയും ചെയ്യുന്നത്. സിനിമ തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി എന്ന് മാത്രമല്ല . ഐ.വി . ശശി മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നു കൂടെ ആയിരുന്നു തൃഷ്ണ.

ആറാംത്തമ്പുരാൻ

ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു “ആറാംത്തമ്പുരാൻ. ” സിനിമയിൽ ആദ്യം നായക സ്ഥാനത്ത് കണ്ടത് ബിജു മേനോനെ ആയിരുന്നു. അദ്ദേഹത്തിന് വേണ്ടി പ്ലാൻ ചെയ്ത തിരക്കഥയായിരുന്നു ഇത്. എന്നാൽ പിന്നീട് ബിജുമേനോനു പകരം നായക സ്ഥാനത്തേയ്ക്ക് മോഹൻലാൽ എത്തുകയുമായിരുന്നു. മോഹൻലാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയായി മാറുവാൻ ആറാംത്തമ്പുരാന് സാധിക്കുകയും ചെയ്‌തു.

ദൃശ്യം

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് “ദൃശ്യം “. ആശിർവാദ് സിനിമാസി ൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരുന്നത്. എന്നാൽ സിനിമയിൽ നായകനായി കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. ഈ കാര്യം സംവിധായകൻ ജിത്തു ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുടർച്ചായി കുടുംബ സിനിമകൾ ചെയ്യുന്നു എന്ന കാരണത്താൽ മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറുകയും സിനിമ മോഹൻലാൽ ഏറ്റെടുക്കുകയും ആയിരുന്നു. കേരളം കണ്ട എക്കാലത്തെയും മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായി മാറുവാൻ ദൃശ്യത്തിന് സാധിക്കുകയും ചെയ്‌തു.

രാജാവിൻ്റെ മകൻ

തമ്പി കണ്ണന്താനത്തിൻ്റെ സംവിധാനത്തിൽ മോഹൻലാൽ, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാജാവിൻ്റെ മകൻ. സിനിമയിൽ നായകനായി എത്തിയത് മോഹൻലാലാണ്. മോഹൻലാലിൻ്റെ സിനിമ ജീവിതത്തിലെ തന്നെ മികച്ച ചിത്രമായിരുന്നു രാജാവിൻ്റെ മകൻ. സിനിമ വൻ വിജയമാവുകയും ചെയ്‌തു. സിനിമയുടെ തിരക്കഥ ചർച്ച ചെയ്തത് മുതൽ തന്നെ മമ്മൂട്ടിയ്ക്ക് വേണ്ടിയുള്ള പ്രൊജക്റ്റ് ആയിരുന്നു. എന്നാൽ ആ സമയത്ത് തുടർച്ചയായി പരാജയങ്ങൾ ഏറ്റു വാങ്ങുന്ന സംവിധായകൻ എന്ന നിലയിൽ തമ്പി കണ്ണന്തനത്തി ൻ്റെ പ്രൊജക്റ്റ് മമ്മൂട്ടി നിരസിക്കുകയായിരുന്നു. പിന്നീട് സിനിമ മോഹൻലാലിന് കൈമാറുകയും സിനിമ വിജയിക്കുകയും ചെയ്തു.

ഇട്ടിമാണി

നവാഗതരായ ജിബി-ജോജു സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 6ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ കോമഡി ചലച്ചിത്രമാണ് “ഇട്ടിമാണി “. മെയ്ഡ് ഇൻ ചൈന.ആശിർവാദ് സിനിമാസിൻറ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകനായി എത്തിയത്. എന്നാൽ സിനിമയിൽ നായക വേഷത്തിൽ ആദ്യം കണ്ടിരുന്നത് ദിലീപിനെയായിരുന്നു. എന്നാൽ ദിലീപ് സിനിമയിൽ നിന്ന് മാറിയതോട് കൂടെ ചിത്രം മോഹൻലാലിലേയ്ക്ക് എത്തുകയായിരുന്നു.

കാപ്പാൻ

സൂര്യ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു” കാപ്പാൻ ” . കാപ്പാൻ, ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ്. ചിത്രത്തിൽ മോഹൻലാലും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ കുറച്ചു നേരം മാത്രമേ സ്ക്രീൻ ഷെയർ ചെയുന്ന കഥാപാത്രമായി മോഹൻലാൽ നിൽക്കുന്നുള്ളു എങ്കിലും സിനിമയിൽ പ്രധാന റോൾ തന്നെയായിരുന്നു. അമിതാഭച്ചന് വേണ്ടി പ്ലാൻ ചെയ്‌ത കഥാപാത്രമായിരുന്നു അത്. എന്നാൽ അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ ആ വേഷം മോഹൻലാൽ ഏറ്റെടുക്കുകയായിരുന്നു.

പഞ്ചാഗ്നി

എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ” പഞ്ചാഗ്നി”. ചിത്രത്തിൽ നസറുദീൻ ഷാ യെ നായകനാക്കി ചിത്രം പുറത്തിറക്കാൻ തീരുമാനിക്കുകയിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ മോഹൻലാലാണ് നായക വേഷത്തിൽ എത്തുന്നത്. മോഹൻലാലിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി പിന്നീട് ആ സിനിമയും , കഥാപാത്രവും മാറുകയും ചെയ്‌തു.

ദേവാസുരം

മോഹൻലാലിൻ്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ” ദേവാസുരം ” . രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഐ. വി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം. മികച്ച പ്രേക്ഷക പ്രതികരണവും , വലിയ ഫാൻസിനെയും നേടിയെടുക്കാൻ മോഹൻലാലിന് സാധിച്ച സിനിമ കൂടിയായിരുന്നു ദേവാസുരം. മുരളിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മുരളിയുടെ അസൗകര്യത്തിൽ സിനിമ മോഹൻലാലിനെ ഏൽപ്പിക്കുകയിരുന്നു.

കീർത്തിചക്ര

മോഹൻലാലിനെ പ്രധാന കഥപാത്രമാക്കി നിർമ്മിച്ച പട്ടാള സിനിമയിരുന്നു “കീർത്തി ചക്ര ” മലയാള സിനിമയിലെ മികച്ച സിനിമയായിരുന്നു കീർത്തി ചക്ര. എക്കാലത്തെയും മികച്ച പട്ടാള സിനിമ കൂടെ ആയിരുന്നു. സൗത്ത് ഇന്ത്യ മുഴുവൻ വലിയ ഓളം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചു. മേജർ രവി സംവിധായകനായി എത്തിയ സിനിമയായിരുന്നു കീർത്തി ചക്ര. സുനിൽ ഷെട്ടിയെ നായകനാക്കി ഹിന്ദിയിൽ സംവിധാനം ചെയ്യാൻ തീരുമാനിച്ച ചിത്രമായിരുന്നു കീർത്തി ചക്ര. എന്നാൽ പിന്നീട്‌ മോഹൻലാലിനെ നായകനാക്കി സിനിമ നിർമ്മിക്കുകയായിരുന്നു.

ദേവദൂതൻ

2000 – ത്തിൻ്റെ തുടക്കത്തിൽ പുറത്തിറങ്ങി ഒരു വലിയ പരാജയമായി മാറിയ സിനിമയായിരുന്നു ” ദേവദൂതൻ “. മോഹൻലാൽ, സിബിമലയിൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു ദേവദൂതൻ. മാധവനെ നായകനാക്കി നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു പിന്നീട് മോഹൻലാലിനെ നായകനാക്കി ചെയ്യുകയായിരുന്നു.