തിരിച്ച് വരവ് അളക്കുന്നത് കമേഴ്സ്യൽ വിജയത്തിലാണോ? മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കം ബാക്ക് പ്രയോഗത്തിൽ വിയോജിപ്പെന്ന് വിനയ് ഫോർട്ട്
കമേഴ്സ്യലി വിജയിച്ച സിനിമകൾ അളവ് കോലായി കണ്ട് ലെജന്റ്സിന്റെ കം ബാക്ക് അളക്കുന്നതിൽ വിയോജിപ്പുണ്ടെന്ന് നടൻ വിനയ് ഫോർട്ട്. നേര് റിലീസ് ചെയ്തപ്പോൾ മോഹൻലാൽ തിരിച്ച് വന്നു എന്ന തരത്തിലൊരു പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെടുത്തിയാണ് വിനയ് ഫോർട്ട് സംസാരിച്ചത്. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയ് മനസ് തുറന്നത്.
നേര് എന്ന ചിത്രം ഗംഭീര സിനിമയായിരിക്കും, പക്ഷേ അവർ ചെയ്തു വച്ചിട്ടുള്ള ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്ന് വിനയ് ഫോർട്ട് ചോദിക്കുന്നു. ഞാൻ പുറത്ത് പോയി കഴിഞ്ഞാൽ ഇവരുടെ അഡ്രസ്സിലാണ് നടക്കുന്നത് എന്നുമാണ് വിനയ് പറഞ്ഞത്.
ഫിലിം സ്കൂളിൽ പഠിക്കുന്ന കാലത്ത് വാനപ്രസ്ഥം, അംബേദ്കർ പോലെയുള്ള സിനിമകൾ കണ്ടിട്ട് സുഹൃത്തുക്കൾ ഇത് എന്തൊരു സിനിമയാണ് എന്തൊരു അഭിനയമാണ് എന്ന് ചോദിച്ചിട്ടുണ്ടെന്നും നമ്മൂടെ ഐഡന്റിറ്റി അഡ്രസ്സ് തന്നെ മോഹൻലാലും മമ്മൂട്ടിയും ആണെന്നും വിനയ് ഫോർട്ട് പറയുന്നു. ഇവരുടെ കമേഴ്സ്യൽ സിനിമ വച്ചിട്ട് ഇവരെ റീഡ് ചെയ്യുന്നു എന്നതിൽ സങ്കടമുണ്ടെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.
”കഴിഞ്ഞ ദിവസം എന്നോട് ആരോ പറഞ്ഞു നേര് എന്ന സിനിമ ലാലേട്ടന്റെ കം ബാക്ക് ആണെന്ന്. അപ്പോൾ ഞാൻ ആലോചിക്കുന്നത് നിങ്ങൾ ഈ ലെജൻഡ്സിന്റെ കം ബാക്ക് നിർണ്ണയിക്കുന്നത് ഒരു കമേഴ്സ്യലി സക്സസ്ഫുള്ളായ സിനിമയിലാണോ എന്നുള്ള ഭയങ്കരമായ ഒരു വിയോജിപ്പുണ്ട്. മമ്മൂക്ക വാത്സല്യം, വിധേയൻ, പൊന്തൻമാട, കോട്ടയം കുഞ്ഞച്ഛൻ തുടങ്ങി ഇത്തരം സിനിമകളിൽ പുള്ളി മാനത്താണ് നിൽക്കുന്നത്.
ഭീഷ്മപർവ്വം ഞാൻ ലോക്കൽ തിയറ്ററിൽ പോയി കണ്ട് കയ്യടിച്ച സിനിമയാണ്. നേര് ഒക്കെ ഗംഭീര സിനിമകളായിരിക്കും. പക്ഷേ ഇവർ ചെയ്ത ഗംഭീര സിനിമകളായിട്ട് ഇപ്പോഴുള്ള സിനിമകളെ നമ്മൾ എങ്ങനെ കംപയർ ചെയ്യും എന്നാണ്. ലെജൻഡിനെ ഒരു കൊമേഴ്ഷ്യൽ സിനിമ വച്ചിട്ട് അളക്കുന്ന പരിപാടി വളരെ തരംതാഴ്ന്ന ഒരു പ്രവൃത്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ പുറത്ത് പോയി കഴിഞ്ഞാൽ ഞാൻ ഇവരുടെ അഡ്രസ്സിലാണ് നടക്കുന്നത്.
ഞാൻ ഫിലിം സ്കൂളിൽ പഠിക്കുന്ന കാലത്ത് വാനപ്രസ്ഥം, അംബേദ്കർ സിനിമകൾ ഒക്കെ കണ്ട് കഴിഞ്ഞിട്ട് ഞാൻ വന്ന് പുറത്ത് നിൽക്കുമ്പോൾ കൂടെയുള്ളവന്മാർ വന്നിട്ട് ക്യാ യാർ, ലാൽ സാർ ക്യാ ആക്ടിംഗ് കിയ ഹേ, എന്നൊക്കെ പറയുന്നത്. നമ്മുടെ ഐഡന്റിറ്റി അഡ്രസ്സ് തന്നെ ആ ലെജന്റ്സാണ്. അപ്പോ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നുന്നത് ഈ പറയുന്ന ഇവരുടെ കം ബാക്ക് അല്ലെങ്കിൽ ഇവരുടെ ഒരു കൊമേഴ്ഷ്യൽ സിനിമ വച്ചിട്ട് ഇവരെ റീഡ് ചെയ്യുന്നു എന്നത്. ഇത് വളരെ വ്യക്തിപരമായിട്ടുള്ള അഭിപ്രായമാണ്.
വേറൊരാൾക്ക് തെറ്റായിട്ട് തോന്നാം. പത്തൊമ്പത് ദിവസത്തിലാണ് അമരം ഷൂട്ട് ചെയ്യപ്പെട്ടത് എന്ന് കേട്ടിട്ടുണ്ട്, അമരത്തിലെ മമ്മൂക്കയുടെ പെർഫോമൻസ് ക്വാളിറ്റിയുണ്ടല്ലോ ഞങ്ങൾ ഒക്കെ വളരെ ചെറിയ, കുഞ്ഞാൾക്കാരാണ്. എന്നിരുന്നാലും ഞങ്ങൾക്ക് ആട്ടം പോലെ ഒരു സിനിമ പുൾ ഓഫ് ചെയ്യാൻ 35 – 40 ദിവസം റിഹേഴ്സൽ ചെയ്യേണ്ടി വന്നു. അമരം എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചിട്ട് എന്റെ ജനറേഷനിലെ ഒരാൾക്ക് ആലോചിക്കാൻ പറ്റില്ല. ഇവരൊക്കെ ചെറിയ പ്രായത്തിലാണ് ഈ സാധനങ്ങളൊക്കെ ചെയ്തിരിക്കുന്നത്”- വിനയ് ഫോർട്ട് വ്യക്തമാക്കി.