വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ
1 min read

വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ

റ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും ബാല പറയുന്നു. അദ്ദേഹം ചെറുപ്പമായും പുതുമയോടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നര്‍മ്മവും കൈകാര്യം ചെയ്തിട്ടുണ്ട്. യോഗി ബാബുവിന്റെ കോമഡിയും നന്നായി, എന്നാണ് രമേശ് ബാലയുടെ വാക്കുകള്‍. കേരളത്തില്‍ നിന്നുള്ള ആരാധകരുടെ അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. പക്കാ ഫാമിലി എന്റര്‍ടെയിനര്‍ തന്നേയാണ്, പൊങ്കല്‍ വിന്നര്‍ എന്തായാലും വിജയ് തന്നെ ആയിരിക്കും. അടിപൊളി ഫാമിലി ചിത്രമാണെന്നും കുറേ നാളുകള്‍ക്ക് ശേഷം വിജയിയുടെ ഫാമിലി ചിത്രം കാണാന്‍ സാധിച്ചുവെന്നുമെല്ലാമാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്.

എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വരിശ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങളെല്ലാം വളരെ ഹിറ്റായിരുന്നു. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്. ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ബീസ്റ്റിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വാരിസ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.