ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ
1 min read

ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന വിമർശന കമന്റുകളും എത്തുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ പ്രചരിച്ച അഭ്യൂഹമായിരുന്നു ചിത്രം മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥയാണ് എന്നത്. ടീസർ എത്തിയതോടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തി പ്രാപിച്ചിരിക്കുകയാണ്. ശ്രീനിവാസന്റെ മകനായ വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്, ശ്രീനിവാസന്റെ മകനും മോഹൻലാലിന്റെ മകനുമാണ്. ടീസറിൽ കാണിക്കുന്ന പല രംഗങ്ങളും ഇതൊരു ജീവിത കഥയാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം.

ടീസർ ഡീകോഡ് ചെയ്തു കൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോൾ വൈറലാകുന്നത്. ടീസറിൽ ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രം കണ്ണൂരിലെ ഒരു കോളേജിൽ നിന്നും ഡ്രോപ് ഔട്ട് ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ശ്രീനിവാസൻ ഒരു കണ്ണൂർകാരനാണ്, താരത്തെയാണ് ഇവിടെ പരാമർശിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രണവ് കള്ള് കുടിക്കുന്ന സീൻ മോഹൻലാലിന്റെ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിലെ സാഗർ കോട്ടപ്പുറത്തിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവും ധ്യാനും ചെന്നൈയിൽ എത്തുമ്പോൾ എംജിആറിന്റെ കട്ടൗട്ട് കാണിക്കുന്നുണ്ട്. മോഹൻലാൽ ഒരു കടുത്ത എംജിആർ ആരാധകനാണ് എന്നതിന്റെ തെളിവാണിതെന്നും ആളുകൾ പറയുന്നു.

സ്വറ്റെർ ധരിച്ച അശ്വത് ലാലിന്റെ കഥാപാത്രം ആന്റണി പെരുമ്പാവൂരിന്റെത് ആകാനാണ് സാധ്യത. കിലുക്കം ചിത്രത്തിൽ ആന്റണി സ്വെറ്റർ ധരിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമ കണ്ട് കണ്ണു നിറയുന്ന ബേസിൽ ജോസഫിന്റെ കഥാപാത്രം വിനീത് സ്വയം സൂചിപ്പിക്കുന്നത് ആകാനാണ് സാധ്യത. ടീസറിന്റെ ഒടുവിൽ കാണിക്കുന്ന നിവിൻ പോളിയുടെ കഥാപാത്രം നിലവിലെ കാലഘട്ടത്തിലേതാണ്. കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം, നെപ്പോട്ടിസം.. എന്ന വാക്കുകൾ കൂടുതൽ ചർച്ചയാകുന്നത് ഈ അടുത്തിടെയാണ്. അർജുൻ ലാൽ, നീരജ് മാധവ് എന്നിവർ മമ്മൂട്ടിയെയും ദുൽഖറിനെയും സൂചിപ്പിക്കാനുള്ളതാകും എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.