ഇതാ മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി ലഭിച്ചിരിക്കുന്നു…. ‘മിഥില മോഹൻ’-മിടുക്കിയാണ് ഈ ഇടുക്കിക്കാരി !!
1 min read

ഇതാ മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി ലഭിച്ചിരിക്കുന്നു…. ‘മിഥില മോഹൻ’-മിടുക്കിയാണ് ഈ ഇടുക്കിക്കാരി !!

മനോഹാരിതയുടെ ഇറ്റില്ലമായ ഇടുക്കിയിൽ നിന്നും മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി കടന്നു വരികയാണ്. സാധാരണമായ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച മിഥില മോഹന് സിനിമ ചെറുപ്പം മുതലേ ഉള്ള ഒരു സ്വപ്നമായിരുന്നു. പഠനത്തിനൊപ്പം വളർന്ന സിനിമാമോഹവുമായി മിഥിലയെന്ന ഇടുക്കിക്കാരി ഒടുവിൽ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ് . ബിടെക് ബിരുദം പൂർത്തിയാക്കിയ മിഥില ബാംഗ്ലൂരിൽ മൂന്നു വർഷത്തോളം ജോലി ചെയ്തു. വ്യക്തമായ പ്രൊഫഷൻ നേടിയെടുത്തുവെങ്കിലും ഉറക്കം കെടുത്തുന്ന സ്വപ്നമായി സിനിമ ഉള്ളിൽ നിലനിൽക്കുന്നതിനാൽ മോഡലിംഗ്, റാംപ് വാക്കിങ് തുടങ്ങിയ മേഖലയിലേക്ക് മിഥില തന്റെതായ ചില ശ്രമങ്ങൾ നടത്തി. മോഡലിംഗിന്റെ പുതിയ സാധ്യതകൾ വളരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ മിഥില മോഹൻ എത്തിച്ചേരുന്നത് വിഖ്യാത ചലച്ചിത്രകാരൻ രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിലാണ് മിഥില അരങ്ങേറ്റം കുറിക്കുന്നത്.ഒരു ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സണ്ണി വെയിൻ, അലൻസിയർ, ഷറഫുദ്ദീൻ, സെന്തിൽ എന്നീ താരങ്ങളും അണിനിരക്കുന്നു. തന്റെ ആദ്യ ചിത്രത്തിൽ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണി വെയിനിന്റെ നായികയായി അഭിനയിക്കാനാണ് മിഥിലയ്ക്ക് ഭാഗ്യം ലഭിച്ചത്. സിനിമ വലിയ സ്വപ്നം ആയിരുന്നെങ്കിലും ആദ്യ ചിത്രം തന്നെ മലയാളത്തിലെ ഒരു സൂപ്പർ താരത്തിന്റെ നായിക ആകാൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും മിഥില വിചാരിച്ചുകാണില്ല.

ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷവും ഒരു നവാഗതയുടെ ലാളിത്യത്തോടെയും ജാഗ്രതയോടെയും അഭിനയ ജീവിതത്തെ കണ്ട മിഥില വീണ്ടും ഓഡിയേഷനുകൾക്ക് പങ്കെടുത്തു. അങ്ങനെ നവാഗതനായ അബി അബ്ബാസ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന പുതിയ മലയാള ചിത്രത്തിൽ നായികയായി അഭിനയിക്കാൻ മിഥിലക്ക്‌ വീണ്ടും അവസരം ലഭിച്ചു. ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്ന് നിർമ്മിക്കുന്ന ഈ ‘മാജിക്കൽ റിയലിസ്റ്റിക്’ ചിത്രത്തിൽ മുസ്ലിം പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന വാഹിദ എന്ന നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ കഥാപാത്രത്തെയാണ് മിഥില ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ലക്ഷദ്വീപ്, കുളു-മണാലി, രാജസ്ഥാൻ എന്നിവിടങ്ങളിലായി ലൊക്കേഷൻ നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണ ജോലികൾ ഉടൻ തന്നെ ആരംഭിക്കും. ജീവിത ലക്ഷ്യം അത് എത്ര വിദൂരത്ത് ആണെങ്കിലും ആത്മാർത്ഥമായി അതിനുവേണ്ടി പരിശ്രമിച്ചാൽ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും എന്ന് മിഥില മോഹൻ തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ്. സിനിമയിലേക്ക് എത്തിച്ചേരാൻ മിഥില സ്വീകരിച്ച ആത്മാർത്ഥതയും അർപ്പണമനോഭാവവും സിനിമയിൽ വന്നതിനു ശേഷവും തുടരുകയാണെങ്കിൽ മലയാളത്തിന് ഒരു അതുല്യ അഭിനേത്രിയെ ലഭിക്കുമെന്ന കാര്യത്തിൽ പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു, ഒപ്പം ആശംസകളും നേരുന്നു.

Leave a Reply