ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു
1 min read

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു

ലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്.

വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളേയും കടത്തിവെട്ടി തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോകളുമായി മാളികപ്പുറം മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാല്‍ ഉടന്‍ എത്തും എന്ന അറിയിപ്പല്ലാതെ കൃത്യം റിലീസ് തീയതി പ്ലാറ്റ്‌ഫോം അറിയിച്ചിട്ടില്ല. ഒരു ചെറു ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ പ്രഖ്യാപനം.

ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്‌ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. അഭിലാഷ് പിള്ള തിരക്കഥയെഴുതിയ ചിത്രത്തിന് തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.