അടുത്ത ഹിറ്റടിക്കാനൊരുങ്ങി മമ്മൂട്ടി; ടർബോ സെക്കൻഡ് ലുക്ക് നാളെ എത്തും; ബജറ്റ് 70 കോടി…
1 min read

അടുത്ത ഹിറ്റടിക്കാനൊരുങ്ങി മമ്മൂട്ടി; ടർബോ സെക്കൻഡ് ലുക്ക് നാളെ എത്തും; ബജറ്റ് 70 കോടി…

മ്മൂട്ടി- രാഹുൽ സദാശിവൻ കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്റേതാണ് അപ്ഡേറ്റ്. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. നാളെ രാത്രി 9 മണിക്കാകും പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ എത്തുക.

മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ നിർമാണ സംരംഭവും ആദ്യത്തെ ആക്ഷൻ പടവുമാണ് ഇത്. ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധുരരാജ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

ആക്ഷൻ- കോമഡി വിഭാഗത്തിൽപെടുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ജസ്റ്റിൻ വർഗ്ഗീസ് സംഗീതം നൽകുന്ന ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. അതേസമയം, ഭ്രമയുഗം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, മണികണ്ഠൻ, അമാൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് 200ൽ പരം തിയറ്ററുകളാണ് കേരളത്തിൽ ഉള്ളത്. വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ഉണ്ട്. അതോടൊപ്പം നാളെ മുതൽ തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.