ടെലിവിഷനിലും തിയേറ്ററിലും ഒരേ പോലെ ഹിറ്റ്; 2000ൽ ഇറങ്ങിയ ആ മോഹൻലാൽ ചിത്രം വീണ്ടും വരുന്നു
1 min read

ടെലിവിഷനിലും തിയേറ്ററിലും ഒരേ പോലെ ഹിറ്റ്; 2000ൽ ഇറങ്ങിയ ആ മോഹൻലാൽ ചിത്രം വീണ്ടും വരുന്നു

നേരത്തെ തിയേറ്ററുകളിൽ ഹിറ്റടിച്ച സിനിമകളുടെ റീ റിലീസ് കാലമാണിപ്പോൾ. തമിഴിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. മലയാളത്തിൽ അങ്ങനെ മോഹൻലാലിന്റെ വിജയ ചിത്രം സ്‍ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്‍തത്. സ്ഫടികത്തിന്റെ റീ മാസ്റ്റർ ചെയ്ത പതിപ്പായിരുന്നു തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മോഹൻലാൽ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
ചിത്രത്തിന്റെ സംവിധായകൻ സിബി മലയിൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയിൽ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്. ദേവദൂതന്റെ 4K ക്വാളിറ്റി പ്രിന്റാണ് തിയറ്ററിൽ റിലീസ് ചെയ്യുക. എന്നാൽ എപ്പോഴായിരിക്കും റിലീസ് എന്ന് സംവിധായകൻ സിബി മലയിൽ വ്യക്തമാക്കിയിട്ടില്ല. ദേവദൂതനെ ആരാധകർ കാത്തിരിക്കുന്നത് പോലെ താനും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു എന്നും സിബി മലയിൽ വ്യക്തമാക്കി.

വേദിയിലുണ്ടായിരുന്ന നിർമാതാവ് സിയാദ് കോക്കറും ചിത്രത്തിന്റെ റീ റിലീസ് സന്തോഷം പങ്കുവെച്ചു. അന്ന് മികച്ചതായി ദേവദൂതൻ വന്നിരുന്നു. ടെലിവിഷനിൽ എപ്പോഴൊക്കെ മോഹൻലാലിന്റെ ദേവദൂതൻ സിനിമ പ്രദർശിപ്പിക്കുമോ അപ്പോഴൊക്കെ കാഴ്‍ചക്കാരുണ്ടായിരുന്നു എന്നും സിയാദ് കോക്കർ അഭിപ്രായപ്പെട്ടു. പുതിയ കാലത്തും ഇഷ്‍ടപ്പെടുന്ന ക്വാളിറ്റിയോടെ ചിത്രം റീ റീലിസ് ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട് എങ്കിലും തിയറ്ററിലേക്ക് ജനം ആകർഷിക്കപ്പെടുമോ എന്നതിൽ വ്യക്തയാകും വരെ വ്യാപകായി എത്തിക്കാൻ ഒരു പദ്ധതിയിയുമില്ലെന്നും സിയാദ് കോക്കർ വെളിപ്പെടുത്തി.

രഘുനാഥ് പാലേരി തിരക്കഥയൊരുക്കിയ ദേവദൂതൻ 2000ത്തിലാണ് പ്രദർശനത്തിന് എത്തിയത്. മോഹൻലാൽ വിശ്വാൽ കൃഷ്‍ണമൂർത്തിയായ ചിത്രം സംവിധാനം ചെയ്‍തത് സിബി മലയിലും നിർമിച്ചത് സിയാദ് കോക്കറും ആയിരുന്നു. ചിത്രത്തിൽ നടി ജയപ്രദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സന്തോഷ് ഡി തുണ്ടിയിലായിരുന്നു ഛായാഗ്രാഹണം. അക്കൊല്ലം കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ദേവദൂതൻ കലാമൂല്യവും ജനപ്രിയവുമായ മികച്ച ചിത്രമായപ്പോൾ വിദ്യാ സാഗർ മികച്ച സംഗീത സംവിധായകനാകുകയും എ സതീശൻ മികച്ച കോസ്റ്റ്യൂം ഡിസൈറാകുകയും ചെയ്‍തു.