“സൂപ്പർഹീറോ ഒന്നുമല്ല, ഒരു സാധാരണ പോലീസുകാരൻ ” ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റോളിനെക്കുറിച്ച് ടൊവിനോ
1 min read

“സൂപ്പർഹീറോ ഒന്നുമല്ല, ഒരു സാധാരണ പോലീസുകാരൻ ” ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റോളിനെക്കുറിച്ച് ടൊവിനോ

അന്വേഷണാത്മക സിനിമകൾക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകർക്കിടയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകൾ തിയേറ്ററിൽ വിജയം കാണാറുമുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും 2024ൽ ആദ്യമിറങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് മൂവിയാണ്. ടീസറും ട്രെയ്ലറുമെല്ലാം കണ്ട് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്.ചിത്രത്തെക്കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ”എസ്ര’ എന്ന സിനിമയിൽ ഞാൻ എ.സി.പിയായിരുന്നു. ‘തരംഗ’ത്തിൽ സസ്പെൻഷനിലുള്ളൊരു പൊലീസുകാരനും. ‘കൽക്കി’യിൽ ലാർജർ ദാൻ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഈ സിനിമയിൽ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പർഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോൾ കരയുകയും സന്തോഷിക്കുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരൻ’’.- ടൊവിനോ തോമസ് വ്യക്തമാക്കി.

തിയേറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജിനു വി എബ്രഹാമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ക്യാമറ ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരക്കുന്ന സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. സന്തോഷ് നാരായണൻ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് സംഗീതസംവിധാനം നിർവ്വഹിക്കുന്നു എന്നതും മറ്റൊരു സവിശേഷതയാണ്. സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്, ഇരുവരും പുതുമുഖങ്ങളാണ്.