പുഴു പുരോഗമന ചിന്തയുള്ള സിനിമ; ഷൂട്ടിംഗ് പൂർണം; കുറിപ്പിട്ട് മമ്മൂട്ടി
1 min read

പുഴു പുരോഗമന ചിന്തയുള്ള സിനിമ; ഷൂട്ടിംഗ് പൂർണം; കുറിപ്പിട്ട് മമ്മൂട്ടി

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പുഴുവിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. പ്രഖ്യാപന വേള മുതൽ നിരവധി പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. മമ്മൂട്ടി ചിത്രത്തിനെതിരെ ശക്തമായി പ്രതികരിച്ച പാർവതി തിരുവോത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിന് ശേഷം ഒരു മമ്മൂട്ടി ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തുന്നു എന്നത് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പുഴു ശ്രദ്ധനേടാൻ ആദ്യ കാരണമാകുന്നത്. നവാഗതയായ റത്തീന ഈ സംവിധാനം ചെയ്യുന്നതും വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതലായ വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല അതുകൊണ്ടുതന്നെ നിരവധി ഊഹാപോഹങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹർഷാദാണ് ഈ പുഴുവിന്റെ കഥ ഒരുക്കിയത്. വൈറസ് എന്ന ചിത്രത്തിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നുകൊണ്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ചിത്രീകരണം പൂർത്തിയായ അതുകൊണ്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. പുഴുവിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ഉള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിലായി അവസാനഘട്ട ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് മമ്മൂട്ടി പറയുന്നു. പുരോഗമന ചിന്തയുള്ള ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് പുഴു എന്നും വലിയ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്നും പ്രേക്ഷകരിലേക്ക് എത്രയും വേഗം ഈ ചിത്രം എത്താൻ താനും കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വറാണ്. ദുൽഖർ സൽമാൻ സഹ നിർമ്മാണവും വിതരണവും നിർവഹിക്കുന്ന ഈ ചിത്രം സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്. ജോർജ് ആണ് നിർമ്മിക്കുന്നത്. മമ്മൂട്ടി, പാർവതി എന്നിവരെ കൂടാതെ ഇന്ദ്രൻ, നെടുമുടി വേണു, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

Leave a Reply