‘ആ മമ്മൂട്ടി – മുരളി പടങ്ങൾ കണ്ട് കണ്ണ്നിറഞ്ഞു’ ; തുറന്ന്  പറഞ്ഞ് ന്യൂസ്‌ റീഡർ അഭിലാഷ് മോഹനൻ
1 min read

‘ആ മമ്മൂട്ടി – മുരളി പടങ്ങൾ കണ്ട് കണ്ണ്നിറഞ്ഞു’ ; തുറന്ന് പറഞ്ഞ് ന്യൂസ്‌ റീഡർ അഭിലാഷ് മോഹനൻ

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ കേരളത്തിലെ മുഖ്യധാര മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അഭിലാഷ് മോഹനൻ. അദ്ദേഹം നയിക്കുന്ന ചാനൽ ചർച്ചകൾക്കും, സംവാദങ്ങൾക്കും വലിയ പിന്തുണയാണ് കാഴ്ചക്കാരിൽ നിന്നും ലഭിക്കുന്നത്. ചാനൽ ചർച്ചകളിൽ അതിഥികളായി എത്തുന്ന വലിയ രാഷ്ട്രീയ നേതാക്കളെ ഉൾപ്പടെ ഉരുളയ്ക്ക് ഉപ്പേരി വിധം മറുപടി കൊടുത്താണ് തൻ്റെ സംവാദങ്ങളിലും , ചർച്ചകളിലും വ്യത്യസ്ഥനായി അദ്ദേഹം നിലകൊള്ളുന്നത്.

ജനങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമപ്രവർത്തകനെ ട്രോളന്മാരും പലപ്പോഴും ഒരു ഹീറോ പരിവേഷം നൽകി തങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാൻ ശ്രദ്ധ ചെലുത്താറുണ്ട്. നിരവധി ചാനൽ ചർച്ചകളിലെ അദ്ദേഹത്തിൻ്റെ കിടിലൻ മറുപടികളും, കുറിയ്ക്ക് കൊള്ളും വിധത്തിലുള്ള ചോദ്യങ്ങളും കട്ടുകളായി സൂക്ഷിച്ച് കുഞ്ഞു വീഡിയോകളും, ട്രോളുകളും സമൂഹ മാധ്യങ്ങളിൽ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും വലിയ രീതിയിൽ ശ്രദ്ധയാകർഷിക്കാറുമുണ്ട്. ‘തഗ്ഗുകളുടെ രാജകുമാരൻ’ എന്നാണ് മാധ്യമ പ്രവർത്തകർക്കിടയിലെ സഹപ്രവർത്തകർ പോലും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.

താൻ കണ്ട സിനിമകളെക്കുറിച്ചും, സിനിമ കണ്ട് താൻ കരഞ്ഞു പോയ അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് അഭിലാഷ് മോഹനൻ. മമ്മൂട്ടിയുടെ ‘തനിയാവര്‍ത്തനവും’ മുരളിയുടെ ‘നെയ്ത്തുകാരനും’ കണ്ട് താന്‍ കരഞ്ഞിട്ടുണ്ടെന്ന് അഭിലാഷ് പറഞ്ഞു. സിനിമയിൽ അഭിനയിക്കുവാൻ തനിയ്ക്ക് ഓഫർ വന്നിട്ടുണ്ടെന്നും എന്നാൽ താൻ ആ അവസരങ്ങൾ വേണ്ടായെന്ന് വെക്കുകയായിരുന്നെന്നും അഭിലാഷ് സൂചിപ്പിച്ചു.

അഭിലാഷ് മോഹനൻ്റെ വാക്കുകൾ ഇങ്ങനെ …

“സിനിമ കണ്ട് കരഞ്ഞിട്ടുണ്ട്. തനിയാവർത്തനം, നെയ്ത്തുകാരൻ എന്നീ സിനിമകളാണ് എന്നെ കരയിപ്പിച്ചിട്ടുള്ളത്.  സിനിമയിൽ അഭിനയിക്കാൻ എനിയ്ക്ക് താൽപര്യമില്ല. ചില സിനിമകളിലേയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ന്യൂസ് റീഡറുടെ വേഷങ്ങൾ. മറ്റ് കഥാപാത്രങ്ങൾക്കായി വിളിച്ചിട്ടില്ല. അതെല്ലാം ഞാൻ വേണ്ടെന്ന് തീരുമാനിക്കുകയിരുന്ന”. നമ്മുക്ക് പറ്റുന്ന പണിയല്ലലോ ഇത് ? സിനിമയിൽ നായകനായോ, ഉപനായകനയോ അല്ലല്ലോ വിളിച്ചത് ? അഭിലാഷ് കൂട്ടിച്ചേർത്തു. മാധ്യമ പ്രവർത്തകനായതിൽ കുറ്റബോധം തനിയ്ക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നും, അതേസമയം മാധ്യമപ്രവർത്തകൻ എന്ന പദവിയിൽ നിന്നുകൊണ്ട് ചെയ്ത ചില കാര്യങ്ങളിൽ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും അഭിലാഷ് പറഞ്ഞു.

കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ അഭിലാഷ് മോഹനൻ 2008 – ജൂലൈയില്‍ കൈരളി ടി.വിയിലൂടെയാണ് മാധ്യമരംഗത്തേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. 2010 – ൽ പിന്നീട് അദ്ദേഹം കൈരളി വിട്ട് ഇന്ത്യാവിഷനിലെത്തുന്നു. പിന്നീട് ഇന്ത്യാവിഷനിൽ നിന്നും തൻ്റെ പ്രവർത്തനമേഖല നികേഷ്കുമാറിനൊപ്പം ചേർന്ന് റിപ്പോർട്ടർ ചാനലിലേയ്ക്ക്, അവിടെ നിന്നും പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷം മീഡിയ വണിൽ. മീഡിയ വണിലെ നീണ്ട കാലത്തെ മാധ്യമപ്രവർത്തനത്തിന് ശേഷം നിലവിൽ 2022 – ല്‍ ഫെബ്രുവരിയില്‍ മാതൃഭൂമിയില്‍ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തു വരികയാണ് അഭിലാഷ് മോഹനൻ.