തീയറ്ററുകളില്‍ തല ഉയര്‍ത്തിപിടിച്ച് പാപ്പന്‍! 18 ദിവസം കൊണ്ട് നേടിയത് 50 കോടി കളക്ഷന്‍; സുരേഷ് ഗോപിയുടെ വമ്പന്‍ തിരിച്ചു വരവെന്ന് പ്രേക്ഷകര്‍
1 min read

തീയറ്ററുകളില്‍ തല ഉയര്‍ത്തിപിടിച്ച് പാപ്പന്‍! 18 ദിവസം കൊണ്ട് നേടിയത് 50 കോടി കളക്ഷന്‍; സുരേഷ് ഗോപിയുടെ വമ്പന്‍ തിരിച്ചു വരവെന്ന് പ്രേക്ഷകര്‍

സുരേഷ് ഗോപി -ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങിയ പാപ്പന്‍ 18 ദിവസം കൊണ്ട് വന്‍ വിജയകുതിപ്പില്‍ എത്തിയിരിക്കുകയാണ്. 18 ദിവസത്തിനുള്ളില്‍ പാപ്പന്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. പാപ്പന്‍ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടിയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രമായതു കൊണ്ടു തന്നെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പാപ്പന്‍.

ഇപ്പോഴിതാ, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതല്‍ക്കൂട്ടായി പാപ്പന്‍ മാറിയെന്ന വാര്‍ത്ത ആരാധകരെയും ഏറെ സന്തോഷത്തിലാക്കുന്ന വാര്‍ത്തയാണ്. റിലീസ് ചെയ്ത ദിവസം തൊട്ട് തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അതേസമയം, സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം കൂടിയാണിത്. അത്‌പോലെ, സലാം കാശ്മീരിന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. അതേസമയം, പാപ്പന്റെ ഈ നേട്ടം സിനിമാ മേഖലയ്ക്ക് ആശ്വാസമായിരിക്കുകയാണ് . മലയാളത്തില്‍ ഇറങ്ങിയ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ഇന്നേവരേ ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പന് ലഭിച്ചത്.