നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ​ഗോപി
1 min read

നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ​ഗോപി

ഈയിടെ നടി ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലെനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നു ഭൂരിഭാ​ഗം പരിഹാസവും. ഇപ്പോൾ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയപ്രവർത്തകനും നടനുമായ സുരേഷ് ​ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും താരം അഭിപ്രായപ്പെട്ടു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി.

ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല, ലെനയ്ക്ക് മതമില്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വലിസം അല്ലെങ്കിൽ സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ലെനയ്ക്ക് എപ്പോളാണ് വരാൻ പറ്റുന്നതെന്ന് നോക്കി ഒരു ഇന്ററാക്‌ഷൻ സെഷൻ ഇവിടെ വയ്ക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്നും കിളി പോയെന്നും പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ് ഇതൊക്കെയെന്നും സുരേഷ് ​ഗോപി പറഞ്ഞു.

മാനസികാരോ​ഗ്യത്തെക്കുറിച്ചും മുജ്ജന്മത്തെക്കുറിച്ചുമെല്ലാം നടി ലെന നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താൻ തന്നെയായിരുന്നു തന്റെ സൈക്കോളജിസ്റ്റെന്നും 2017-ൽ സ്വയംതീരുമാനിച്ചതു പ്രകാരം മരുന്നു നിർത്തുകയുണ്ടായി എന്നും ലെന പറഞ്ഞിരുന്നു. മുൻജന്മത്തിൽ താൻ ബുദ്ധ സന്യാസിയായിരുന്നെന്നും ലെന അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിമർശനങ്ങൾ ഏറിയതോടെ ലെനയുടെ പരാമർശങ്ങളെ നിഷേധിച്ച് ഇന്ത്യൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ കേരളാഘടകം രം​ഗത്തെത്തിയിരുന്നു.