‘ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാര്‍ മോഹന്‍ലാലും മമ്മൂക്കയുമാണ്, ലാലേട്ടനെ കാണാന്‍ വേണ്ടി സ്പോണ്‍സറോട് നുണ പറഞ്ഞു’; സുരാജ് പറയുന്നു
കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച അഭിപ്രായമാണ് ഈ സിനിമയ്ക്ക് ലഭിക്കുന്നത്.
ഇപ്പോഴിതാ താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കാണാന്‍ ശ്രമിച്ചതിന്റെ രസകരമായ ഒരു അനുഭവമാണ് പങ്കുവെച്ചിരിക്കുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ സുരാജ് പങ്കുവെച്ചത്. ലാലേട്ടനും മമ്മൂക്കയും എന്ന പറഞ്ഞാല്‍ എനിക്ക് വല്ലാത്തൊരു വികാരമാണെന്നും ഞാന്‍ സിനിമയിലേക്ക് എത്തുന്നതിനുള്ള മെയിന്‍ കാരണവും അവര്‍ തന്നെയാണെന്നും സുരാജ് പറയുന്നു. അമ്പിളി ചേട്ടനും ഞാന്‍ സിനിമയിലെത്താന്‍ കാരണമായിട്ടുണ്ട്.
ലാലേട്ടന്റെയും മമ്മൂക്കയുടേയും കൂടെ ഒരു ഫോട്ടോയെടുക്കണം എന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നത്. നമുക്കൊരിക്കലും മൂന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ സിനിമയില്‍ എത്തുമെന്നത്. വെഞ്ഞാറമൂട്ടില്‍ മിമിക്രിയുമായി അത്യാവശ്യം കുഴപ്പമില്ലാതെ പൊവുകയായിരുന്നു. അന്ന് ട്രൂപ്പില്‍ വേറെ മുന്ന് പേരുണ്ടായിരുന്നു. അങ്ങനെ ഗുരു സിനിമയുടെ ലൊക്കേഷനില്‍ പോയി ലാലേട്ടന്റെയും ആര്‍ട്ടിസ്റ്റുകളുടേയും ഫോട്ടോ വെച്ച് ഒരു ആല്‍ബമുണ്ടാക്കി. ഞാന്‍ എവിടെ പോയാലും ആ ആല്ബവുംകൊണ്ട് വന്ന് കാണിക്കുമായിരുന്നുവെന്നും സുരാജ് പറയുന്നു.
അത് കാണിക്കുമ്പോള്‍ എല്ലാവരും പറയുമായിരുന്നു എടാ കണ്ടില്ലേ , അവര്‍ സിനിമയിലൊക്കെ എത്തി, നീ മിമിക്രി കളിച്ച് നടന്നോ എന്നെല്ലാം. അങ്ങനെ സിനിമയിലെത്തണമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അവരുടെ കൂടെ ഫോട്ടോ എടുക്കണമല്ലോ എന്ന് വിചാരിച്ചു. ആദ്യം മമ്മൂക്കയുടെ പിറകെ ധ്രുവം സിനിമയുടെ ഷൂട്ടിങ്ങിന്റെയൊക്കെ സമയത്ത് നടന്നു. എന്നാല്‍ ഫോട്ടോ മാത്രം എടുക്കാന്‍ പറ്റിയില്ല. ദൂരെ പോയി നിന്നെങ്കിലും കാണാന്‍ പറ്റിയില്ല. പിന്നെ ലാലേട്ടനോടൊപ്പം ഫോട്ടോ എടുക്കാനുള്ള ആഗ്രഹത്തില്‍ ഇരിക്കുമ്പോഴായിരുന്നു സിംഗപൂരില്‍ ലാലേട്ടന്റെ കൂടെ ഷോ ഉണ്ടെന്ന് നന്ദു ചേട്ടന് വിളിച്ച് പറഞ്ഞത്. ഞാന്‍ പിന്നെ ഒന്നും നോക്കിയില്ലെ റെഡിയെന്ന് പറഞ്ഞു. അന്ന് ഞാന്‍ യുഎസില്‍ മറ്റൊരു പ്രോഗ്രാം ചെയ്യുകയായിരുന്നു. അവിടത്തെ സ്പോണ്‍സറോട് വീട്ടില്‍ പെട്ടെന്ന് പോണമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. അങ്ങനെ സിംഗപൂര്‍ ഷോക്ക് ചെന്ന് ലാലേട്ടന്റെ കൂടെ ഫോട്ടോയും എടുത്തുവെന്ന് സുരാജ് വ്യക്തമാക്കുന്നു.