ഇന്ത്യൻ സിനിമാലോകത്ത് വിസ്മയം തീർക്കാൻ ഹോംബാലെ ഫിലിംസ് വീണ്ടും; ‘ബഗീര’ യുടെ ഇടിവെട്ട് ടീസര്‍ പുറത്ത്
1 min read

ഇന്ത്യൻ സിനിമാലോകത്ത് വിസ്മയം തീർക്കാൻ ഹോംബാലെ ഫിലിംസ് വീണ്ടും; ‘ബഗീര’ യുടെ ഇടിവെട്ട് ടീസര്‍ പുറത്ത്

കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമാ വിസ്മയങ്ങൾ തീർത്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് മറ്റൊരു വിസ്മയ ചിത്രവുമായി വീണ്ടും. ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഒരുക്കുന്ന അവരുടെ ഏറ്റവും പുതിയ ചിത്രമായ ബഗീരയുടെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി.

ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ഡോ. സൂരി സംവിധാനം ചെയ്‌തിരിക്കുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അജ്‌നീഷ് ലോക്നാഥാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പ്രശാന്ത് നീലിന്‍റെ കഥയെ ആധാരമാക്കി ഡോ.സൂരിയാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. എ.ജെ ഷെട്ടിയാണ് ഛായാഗ്രാഹകൻ. പ്രണവ് ശ്രീപ്രസാദാണ് എഡിറ്റർ. സമൂഹം ഒരു കാടായി മാറുമ്പോൾ നീതിക്കുവേണ്ടി അലറുന്ന വേട്ടക്കാരനായി ബഗീര അവതരിക്കും എന്ന തലവാചകവുമായാണ് ടീസർ റിലീസായിരിക്കുന്നത്.

ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമ്മിച്ച ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ മറ്റൊരു മായാത്ത വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. പാൻ-ഇന്ത്യൻ ചിത്രമായ ബഗീര 2024ൽ റിലീസിനായാണ് ഒരുങ്ങുന്നത്. ഹോംബാലെ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമായ സലാർ ഈ മാസം 22നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.