‘ഞങ്ങളല്ല.. മീശപിരി സിനിമകൾ വന്നതോടെ മോഹൻലാൽ ആകെ മാറി..’ : ശ്രീനിവാസൻ ഇന്നത്തെ സ്റ്റാർ മോഹൻലാലിനെ കുറിച്ച്
1 min read

‘ഞങ്ങളല്ല.. മീശപിരി സിനിമകൾ വന്നതോടെ മോഹൻലാൽ ആകെ മാറി..’ : ശ്രീനിവാസൻ ഇന്നത്തെ സ്റ്റാർ മോഹൻലാലിനെ കുറിച്ച്

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട്. നാടോടിക്കാറ്റ്, പട്ടണപ്രവേശം, തേന്മാവിന്‍ കൊമ്പത്ത്, അക്കരെ അക്കരെ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്വാധീനം ചെലുത്തിയ ജോഡികളാണ് ഇവര്‍. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളുടെ മനസില്‍ ഇടം നേടിയവരാണ് ഇരുവരും. ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ട് വളരെ രസകരമായ അനുഭവങ്ങളായും മലയാള സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്.


നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ജീവിയ്ക്കുന്നുണ്ട്. ഇപ്പോള്‍ സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന കോമ്പോയും മോഹന്‍ലാലും ശ്രീനിവാസനും തമ്മിലുള്ളതാണ്. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചെല്ലാം പലപ്പോഴും പലരും സംസാരിക്കാറുണ്ട്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോംമ്പോ ഉണ്ടാക്കിയെടുത്തത് അല്ലെന്നും തനിയെ ഉണ്ടായതാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ പണ്ടൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താനോ സത്യന്‍ അന്തിക്കാടോ മോഹന്‍ലാലിനെ ഒഴിവാക്കിയിട്ടില്ലെന്നും മോഹന്‍ലാലിനാണ് അത്തരം സിനിമകളോടുള്ള താല്‍പര്യം കുറഞ്ഞത് എന്നുമാണ് ശ്രീനിവാസന്‍ അന്ന് പറയുന്നത്. നാടോടിക്കാറ്റ് ചിത്രത്തിന് വളരെ നല്ല അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. അതിന്റെ രണ്ടാംഭാഗമായാണ് പട്ടണപ്രവേശം ചെയ്തത്. അന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ എറണാകുളത്ത് വന്നിരുന്നു. വന്ന ഉടന്‍ എന്നോട് മോഹന്‍ലാല്‍ ചോദിച്ചത് ഇതും കോമഡിയാണോ എന്നായിരുന്നു. ഞാന്‍ മറുപടി പറഞ്ഞു കുറച്ച് ഹ്യൂമറും കാര്യങ്ങളുമെല്ലാം ഉണ്ടെന്ന്. ഉടനെ മോഹന്‍ലാല്‍ പറഞ്ഞു എന്താടോ ഇത്…. ടി.പി ബാലഗോപാന്‍ എം.എ ഞാനും താനും കൂടി കോമഡി. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് ഞാനും താനും കൂടി കോമഡി, സന്മസുള്ളവര്‍ക്ക് സമാധാനം ഞാനും താനും കൂടി കോമഡി, നാടോടിക്കാറ്റ് ഞാനും താനും കൂടി കോമഡി ആളുകള്‍ക്ക് മടുത്തെടോ… ഇത് നിര്‍ത്തിക്കൂടെ എന്ന് ചോദിക്കുകയും ചെയ്തുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

അതിന് മറുപടി ഞാന്‍ നല്‍കിയത് ആളുകള്‍ക്ക് മടുത്തതായി തോന്നിയിട്ടില്ലെന്നും ആളുകള്‍ വളരെ അധികം ആസ്വദിച്ച സിനിമകളായിരുന്നുവെന്നും അതുകൊണ്ട് മടുത്ത് കാണില്ലെന്നും പറഞ്ഞു. ആ സമയത്ത് പത്മരാജന്റെ തൂവാനതുമ്പികള്‍ എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നോട് ലാല്‍ അന്ന് പറഞ്ഞത് ഇമ്മാതിരി കോമഡിയല്ല വേണ്ടതെന്നായിരുന്നു. ലാലിന്റെ ഒരു പ്രത്യേക സ്വഭാവം എന്താണെന്ന് വെച്ചാല്‍അദ്ദേഹത്തിന് ബഹുമാനമുള്ള പത്മരാജന്‍ പോലുള്ള സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നമ്മളെ കാണുമ്പോഴും പപ്പേട്ടനൊക്കെ സംസാരിക്കുന്നപ്പോലെ സംസാരിക്കുകയും നടക്കുകയും ചെയ്യും. അന്ന് അതുകൊണ്ടാണ് എന്റെ കോമഡികളൊന്നും ലാലിന് ദഹിക്കാഞ്ഞതെന്നും ശ്രീനിവാസന്‍ പറയുന്നു.

പിന്നീടൊരിക്കല്‍ മോഹന്‍ലാലിനോട് ആരോ സത്യന്‍-ശ്രീനി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ സിനിമ വരാത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞത്
അവരെന്താണ് കഥയുണ്ടാക്കാത്തത്, അവര്‍ കഥകളുണ്ടാക്കിയാല്‍ അല്ലേ എനിക്ക് അഭിനയിക്കാന്‍ പറ്റൂ, ആ സിനിമകളൊക്കെ കൊള്ളാമായിരുന്നുവെന്നും അവര്‍ ഇനി അങ്ങനെയുള്ള കഥകള്‍ ഉണ്ടാക്കട്ടെയെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ സംഭവമെന്നാല്‍ മോഹന്‍ലാലിന് ഇപ്പോള്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ താത്പര്യം ഇല്ല എന്നതാണ്. ഞാനും സത്യനുമെല്ലാം പിന്നീട് അത്തരം സിനിമകളൊക്കെയാണ് ചെയ്തത്. മോഹന്‍ലാലാണ് നരസിംഹം ആയി മാറിയതും മീശ പിരിക്കാന്‍ തുടങ്ങിയതുമെല്ലാം. മോഹന്‍ലാല്‍ മോശം നടനാണെന്ന് ആരും പറയില്ല… ഞാനും പറയില്ല. ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണെന്നും ശ്രീനിവാസന്‍ കൂട്ടിചേര്‍ത്തു.


അന്നത്തെ മോഹന്‍ലാലും ഇന്നത്തെ മോഹന്‍ലാലും വളരെ മാറിയിരിക്കുന്നു. നമ്മള്‍ക്ക് ഒരു സംശയം തോന്നും അന്നത്തെ ആളു തന്നെയാണോ ഇതെന്ന്. ആളുകള്‍ക്ക് വിഷമമുണ്ട്. മോഹന്‍ലാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപോയെന്ന് എനിക്ക് നല്ല സംശയമുണ്ട്. രജനീകാന്തും പടയപ്പയുമെല്ലാം തമിഴ് നാട്ടിലാണ്. ആ ഒരു രീതി കേരളത്തില്‍ ഉ്‌ളളവര്‍ അനുകരിക്കുമ്പോള്‍ തമിഴ് നാട്ടില്‍ കിട്ടുന്ന അതേ സ്വീകരണം ഇവിടെ കിട്ടണമെന്നില്ല. വല്ലപ്പോഴും ചെയ്യുന്നതില്‍ കുഴപ്പമില്ല. അതുകൊണ്ട് മോഹന്‍ലാലിലെ പ്രതിഭയെ ഇഷ്ടപ്പെടുന്നവര്‍ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ സങ്കടം പറയുന്നതില്‍ തെറ്റില്ല എന്നാണ് തോന്നിയിട്ടുള്ളതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.