‘പുറകിൽ ശ്രീരാമ കീർത്തനം, മുൻപിലിരുന്ന് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി’ : ഹൃദയം സിനിമയ്ക്ക് നേരേ ഗുരുതര വിവാദ വിദ്വേഷ പ്രചരണം
1 min read

‘പുറകിൽ ശ്രീരാമ കീർത്തനം, മുൻപിലിരുന്ന് ബീഫ് കഴിക്കുന്ന ഹിന്ദു പെൺകുട്ടി’ : ഹൃദയം സിനിമയ്ക്ക് നേരേ ഗുരുതര വിവാദ വിദ്വേഷ പ്രചരണം

ഏതൊരു ചിത്രത്തിനും പ്രശസ്‌തിയും, അംഗീകാരവും കൂടുതൽ ലഭിക്കുന്നുണ്ടെന്ന് തോന്നിയാൽ എന്തുകൊണ്ടാണെന്ന് അറിയില്ല അത്തരം ചിത്രങ്ങളെ ചുറ്റി പറ്റി നിരവധി വിവാദങ്ങളും പിന്നീട് കേൾക്കാറുണ്ട്. അങ്ങനെയൊരു വിവാദ കഥയ്ക്ക് പാത്രമാവുകയാണ് ഹൃദയം സിനിമയിലെ ചില രംഗങ്ങൾ.  ബീഫ് രാഷ്ട്രീയത്തെ ചുറ്റി പറ്റി സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ ചർച്ചയ്ക്ക് തിരി കൊളുത്തുകയാണ് ഹൃദയം സിനിമയിലെ ഒരു രംഗം. ഹൃദയം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രംഗങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ നായികാ – നായകന്മാരയ നിത്യയും, അരുണും പൊറോട്ടയും, ബീഫും ഒരു ഹോട്ടലിൽ കഴിക്കുന്നത്. ചിത്രത്തിലെ ഈ രംഗത്തിനെതിരെയാണ് തീവ്ര ഹിന്ദുത്വ പേജുകളില്‍ നിന്നും വിദ്വേഷ പ്രചരണം പൊട്ടി പുറപ്പെട്ടിരിക്കുന്നത്. രാകേഷ് തിയ്യന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ വന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ പ്രചരിക്കുന്നത്.

 വിവാദമായ കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ :

‘മലയാളം സിനിമയായ ഹൃദയത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജൻ്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബിഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലര്‍ M/C(മുസ്‌ലിം/ ക്രിസ്ത്യന്‍) നല്‍കുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെണ്‍കുട്ടികള്‍ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,’ എന്നാണ് ചിത്രത്തിലെ വീഡിയോ പങ്കുവെച്ച് രാകേഷ് കുറിച്ചത്.

ഹൃദയം സിനിമയിലെ ഗോമാതാ ടീസ്റ്റാള്‍ മുൻപേ ചര്‍ച്ചായിരുന്നു. അരുണിൻ്റെ സുഹൃത്തായ ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രം ഗോമാതാ ടീ സ്റ്റാളില്‍ നിന്നും ചായ കുടിക്കുന്നതും ഇവിടെ സദാചാരക്കാരൊന്നുമില്ലല്ലോ എന്ന ഡയലോഗ് പറഞ്ഞതുമാണ് സിനിമയ്ക്ക് ശേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്.  വാലന്റൈന്‍സ് ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ ഇരിക്കുന്ന യുവതി യുവാക്കളെ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ച സംഭവവും ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ഉൾപ്പെടുത്തിയിരുന്നു. സദാചാര ഗുണ്ടകളുടെ നേർക്കുള്ള വിരൽ ചൂണ്ടലായിരുന്നു യഥാർത്ഥത്തിൽ ഈ രംഗങ്ങളെല്ലാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മെറിലാന്‍ഡ് സിനിമാസിൻ്റെ ബാനറില്‍ വിശാഖ്സുബ്രഹ്മണ്യമാണ് ഹൃദയത്തിൻ്റെ നിർമാതാവ്.

കുറിപ്പിന്  താഴെയായി മലയാള സിനിമയ്ക്ക് നേരേ വിമർശനങ്ങൾ ഉന്നയിച്ചും, കേരളം ഉടനെ തന്നെ കശ്മീർ പോലെ ആകുമെന്നെല്ലാമാണ് കമെന്റുകൾ വരുന്നത്. സിനിമയിലെ രംഗത്തെ കുറ്റപ്പെടുത്തിയുള്ള കുറിപ്പിൻ്റെ സ്ക്രീൻഷോർട്ട് നിരവധി ഹിന്ദുത്വ പേജുകളില്‍ വിവാദ ചർച്ചകൾക്ക് വഴിയൊരുക്കുന്ന തരത്തിലും, ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുക എന്ന ലക്ഷ്യത്തോടെയും കൂടിയാണ് ഉപയോഗിക്കുന്നത്.