”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ
നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി.
”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തത്. അതുവരെയുള്ള എല്ലാ നടന്മാരിലും നമ്മൾ കണ്ടത് മോഹൻലാലിനേയും മമ്മൂട്ടിയേയും തന്നെയാണ്. അതുകൊണ്ടുതന്നെ ഫഹദ് വരുന്നതുവരെ ഒരു പുതിയ ആക്ടർ ഉണ്ടായിട്ടില്ലല്ലോ. മമ്മൂക്കയേക്കാളും മോഹൻലാലിനേക്കാളും മികച്ച നടൻ എന്നല്ല പറയുന്നത്. അടുത്ത നടൻ എന്നാണ്. പ്രേം നസീറിനും സത്യനും സുകുമാരനും ശേഷം മമ്മൂട്ടിയും മോഹൻലാലുമുണ്ടായി. അതിനു ശേഷം താരങ്ങളുണ്ടാകുന്നുണ്ട്. നടൻ ഉണ്ടായത് ഫഹദ് വന്നതിനു ശേഷമാണ്.
എന്നാൽ ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, അദ്ദേഹത്തിന് മോഹൻലാലിനെപ്പോലെ എല്ലാ വേഷങ്ങളും ചെയ്യാൻ പറ്റില്ല എന്നാണ് ഷൈനിന്റെ അഭിപ്രായം. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ടോം ചാക്കോ മനസ് തുറന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം നായകൻമാർ ഉണ്ടാകുന്നുണ്ട്. പക്ഷേ അതിന് ശേഷം വന്ന നടൻ ഫഹദ് ഫാസിലാണ്.
ഫഹദിനുള്ള പ്രശ്നം എന്തെന്നാൽ, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാനാവില്ല, ഡാൻസൊന്നും ചെയ്യാനാവില്ല. കൂടുതൽ ത്രില്ലർ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്. തമാശ ചെയ്യാനും അത്ര എളുപ്പമല്ല. എന്നാൽ ഫഹദ് തന്റെ സ്വന്തം രീതിയിലാണ് എല്ലാം ചെയ്തത്. ആദ്യം കയ്യെത്തും ദൂരത്ത് ചെയ്തപ്പോൾ തനി കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു. ചാപ്പാ കുരുശിൽ ഫഹദിന്റെ സ്റ്റൈൽ കാണാം. അത് എന്നെ സഹായിച്ചിട്ടുണ്ട്.
ഫഹദിന് ഡാൻസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് പോലെ എനിക്കും ചില പ്രശ്നങ്ങളുണ്ട്. എന്റെ ഉച്ഛാരണ ശുദ്ധിയിൽ കുറച്ചു ബുദ്ധിമുട്ടുണ്ട്. പിന്നെ സൗന്ദര്യത്തിലും. അതായത് ഫഹദിന്റെ അത്ര സൗന്ദര്യം. കാഴ്ചയിൽ ഞാൻ ഒരു പ്രശ്നക്കാരനായി തോന്നും”- ഷൈൻ ടോം ചാക്കോ പറയുന്നു.