”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി
1 min read

”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി

ലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്.

ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി വളരെ സ്ട്രോങ്ങ് ആയിരുന്ന കാലത്താണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത്. അവരുടെ ഒരു ഇൻട്രാക്ഷൻ… (ലാലിനെയൊന്നും അങ്ങനെ കണ്ടിട്ടില്ല, ഞാൻ ചോദിച്ചപ്പോൾ ലാൽ ഭയങ്കര ഫോക്കസ്ഡ് ആണെന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്)

പക്ഷേ അതല്ലാതെ മമ്മൂക്കയും ജോഷിയേട്ടമായുള്ള ആ ഒരു അണ്ടർസ്റ്റാൻഡിങ്ങ് എന്ന് പറയുന്നത് എനിക്ക് ഒരു പാഠപുസ്തകമായിട്ടുണ്ട്. അപ്പോ ഞാൻ ആ ഫോക്കസ് നൽകാൻ തുടങ്ങി. അതിന് ശേഷം ഇപ്പോൾ ജോഷിയേട്ടൻ അവിടെ ഇരുന്നട്ട് എല്ലാം ഓക്കെ പറഞ്ഞ് സ്റ്റാർട്ട് പറയുന്നതിന് മുൻപ്, എടേയ് നീയാ.., ഇത്രേ പറയൂ.., അപ്പോൾ ഞാൻ പറയും മനസിലായി എന്ന്, ഇത്രേയുള്ളൂ..”- സുരേഷ് ​ഗോപി വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

1999ൽ ഇറങ്ങിയ പത്രം എന്ന ഇൻവസ്റ്റി​ഗേറ്റിവ് ത്രില്ലറാണ് ജോഷിയും സുരേഷ് ​ഗോപിയും ഒന്നിക്കുന്ന ആദ്യ മലയാള ചിത്രം. രൺജി പണിക്കർ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു നായികയായെത്തിയത്. ബിജു മേനോൻ, മുരളി, കൊച്ചിൻ ഹനീഫ എന്നിവരെല്ലാം അഭിനയിച്ച ഒരു വലിയ ചിത്രമായിരുന്നു പത്രം. സുരേഷ് ​ഗോപിയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു ഈ ആക്ഷൻ ത്രില്ലർ. തുടർന്ന് നിരവധി ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടില്‌‍ ധാരാളം ഹിറ്റുകൾ ജനിച്ചു.

പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2022ലാണ് ജോഷിയുടെ ചിത്രത്തിൽ സുരേഷ് ​ഗോപി അഭിനയിക്കുന്നത്. പാപ്പൻ എന്ന ഈ സിനിമയിൽ സുരേഷ് ​ഗോപിയുടെ മകനും അഭിനയിച്ചിരുന്നു. ആർ.ജെ ഷാനിന്റേതായിരുന്നു തിരക്കഥ. ത്രില്ലർ, ഡ്രാമ വിഭാഗത്തിൽപെടുന്ന പാപ്പനിൽ സുരേഷ് ഗോപി പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്.

നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയുടെ അന്വേഷണമാണ് സിനിമക്ക് ആധാരം. കൊലപാതകത്തിന്റെ തെളിവുകൾ കണ്ടെത്താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും കഴിയാതെ വരുന്നതോടെ അവരെ സഹായിക്കാനായി സർവീസിൽ ഇല്ലാത്ത എബ്രഹാം മാത്യു മാത്തൻ (പാപ്പൻ) വരുന്നു. പിന്നീടുള്ള കേസന്വേഷണവും പാപ്പന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള തിരിച്ചടികളുമാണ് സിനിമ പറയുന്നത്.