‘മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുന്നു, അതൊരു ഹെവി പടമായിരിക്കും’ ; ഷാജി കൈലാസ്
അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഷാജി കൈലാസ്. സുരേഷ് ഗോപിയെ നായകനാക്കി ന്യൂസ് എന്ന ചിത്രം ഒരുക്കിയാണ് സംവിധായകനായത്. ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയത്. ആറാം തമ്പുരാന്, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, റെഡ് ചില്ലീസ് എന്നിവയായിരുന്നു ഈ കോംബോയില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു മാസ് ചിത്രം സംവിധാനം ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് ഷാജി കൈലാസ് പറയുന്നത്. ഫില്‍മി ഹൂഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷാജി കൈലാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനെവെച്ച് ഒരു സിനിമ പ്രതീക്ഷിക്കാമോ എന്നുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടിയായി ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ലൊരു സ്ക്രിപ്റ്റ് കിട്ടാനുള്ള വെയിറ്റിംങിലാണ്. ഞാന്‍ ജിനു എബ്രഹാമിനോട് പറഞ്ഞിട്ടുണ്ട്.
ഹെവി പടമാണ് എനിക്കിഷ്ടമുള്ളത്. അല്ലെങ്കില്‍ എനിക്ക് എനര്‍ജിയോടെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്നും, സോഫ്റ്റ് പടങ്ങളാണെങ്കില് ഞാന്‍ ഇങ്ങനെ തണുത്തിരിക്കുമെന്നും നമുക്ക് എന്ര്ജിയോടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കണമെങ്കില്‍ ഇങ്ങനെയുള്ള പടം വരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. എന്നാല്‍ എലോണ്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റിയ മാസ് ചിത്രമല്ലെന്നും കൊവിഡ് സമയത്ത് ഷൂട്ട് ചെയ്ത ചിത്രമായതിനാല്‍ അതൊരു അപ്പാര്‍ട്ട്മെന്റിനുള്ളില്‍ മാത്രം ഷൂട്ട് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരിടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രം സംവിധാനം ചെയ്ത് ഷാജി കൈലാസ് വീണ്ടും എത്തിയിരിക്കുകയാണ്. മാസ് മസാല ആക്ഷന്‍ ജോണറില്‍ വരുന്ന ഒരു പക്കാ ഷാജി കൈലാസ് ചിത്രം തന്നെയാണ് കടുവ. ഹീറോയായി പൃഥ്വിയും വില്ലനായി വിവേക് ഒബ്രോയ്യും എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തിയിട്ടുണ്ട്.
ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.