പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും
1 min read

പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും

2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് പതിപ്പുകളിലും പുറത്തിറങ്ങി.

അതേസമയം, പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം ആലോചിച്ചിരുന്നത്. ഇതിനായി ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ആയതിനാല്‍ ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത പുറത്തു വന്നതോടുകൂടി ഏറെ സന്തോഷത്തിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കൂടാതെ, പുലിമുരുകന്‍ അത്രത്തോളം വിജയിച്ചതു കൊണ്ട് തന്നെ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും. അതേസമയം, മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമായിരിക്കില്ല എന്ന് സംവിധായകന്‍ വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ആയിരിക്കും ഈ സിനിമ എന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ലക്കിസിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ഈ സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.