‘ലാലേട്ടനായിട്ട് അടുത്തത് ഹെവി പടം ആയിരിക്കും, സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണ്’ ; ഷാജി കൈലാസ്
12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് എലോണ്‍. മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ആയിട്ട് അടുത്തത് ഹെവി പടം ആയിരിക്കുമെന്നും എന്നാലേ എനിക്കൊരു എനര്‍ജി ഉണ്ടാകൂവെന്നും സ്ക്രിപ്റ്റിന് വേണ്ടി വെയ്റ്റിംഗ് ആണെന്നും അദ്ദേഹം പറയുന്നു.
എലോണ്‍ രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ദൈര്‍ഘ്യം. ഫ്രെയിം ടു ഫ്രെയിം മോഹന്‍ലാല്‍ ആണ്. എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നുണ്ടെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ലാലേട്ടനായിട്ട് അടുത്തത് ഹെവി പടമായിരിക്കും. എന്നാലെ എനിക്ക് എനര്‍ജിയായിട്ട് വര്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇല്ലെങ്കില്‍ ഞാന്‍ തണുത്തിരിക്കുമെന്നും സ്ക്രിപ്റ്റിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ 30-ാം ചിത്രമെന്ന പ്രത്യേകതകൂടി എലോണിനുണ്ട്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഛായാഗ്രഹണം അഭിനന്ദന് രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്.
അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് ഒടുവില്‍ പുറത്ത് വന്ന മോഹന്‍ലാല്‍ ചിത്രം. വൈശാഖിന്റെ മോണ്‍സ്റ്റര്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍. ഇപ്പോള്‍ ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ചിത്രം.