#SRK+ : ബാക്കിയുള്ളവർ മറ്റ് ott പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് പോകുമ്പോൾ സ്വന്തമായി ott സൃഷ്ടിച്ചു കിംഗ് ഖാൻ
1 min read

#SRK+ : ബാക്കിയുള്ളവർ മറ്റ് ott പ്ലാറ്റ്ഫോമുകളെ ആശ്രയിച്ച് പോകുമ്പോൾ സ്വന്തമായി ott സൃഷ്ടിച്ചു കിംഗ് ഖാൻ

ബ്രാന്‍ഡ് മൂല്യത്തില്‍ രാജ്യത്തെ സെലിബ്രിറ്റികളില്‍ അഞ്ചാമതാണ് ലോകത്തെ എല്ലാവരുടേയും പ്രിയങ്കരനായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. 5000 കോടിക്ക് മുകളില്‍ ആസ്തിയാണ് താരത്തിന് ഉള്ളത്. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന്റെ പരാജയത്തോടെ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ വന്‍ തിരിച്ചുവരവിനൊരുങ്ങുന്നുണ്ട് താരം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. ദീപിക പദുകോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയും താരം പങ്കുവെക്കുകയാണ്.

പുത്തന്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉദയം ചെയ്യുന്ന കാലത്ത് ഷാരൂഖ് ഖാനും കളമുറപ്പിക്കാന്‍ രംഗത്തെത്തിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ തന്നെ ചുരുക്കെഴുത്ത് ഉള്‍പ്പെടുത്തി എസ്ആര്‍കെ പ്ലസ് എന്ന പേരിലാണ് ഷാരൂഖ് ഒടിടി പ്ലാറ്റ് ഫോം അവതരിപ്പിക്കുന്നത്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. ഒടിടി ലോകത്ത് എന്തൊക്കെയോ നടക്കാന്‍ പോവുന്നു എന്ന അടിക്കുറിപ്പോടെയാണ് സൂപ്പര്‍ താരം ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ താരം പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു സൂപ്പര്‍ താരം ഒടിടി മേഖലയിലേക്ക് എത്തുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധിപേരാണ് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ ഷാരൂഖിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ‘ഇന്നത്തെ പാര്‍ട്ടി താങ്ങളുടെ വക’ എന്നായിരുന്നു സല്‍മാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്. ‘സ്വപ്നം യാഥാര്‍ത്ഥ്യമായി! ഷാരുഖ് ഖാന്റെ പുതിയ ഒടിടി ആപ്പായ SRK+മായി സഹകരിക്കുന്നുണ്ട്’ എന്നായിരുന്നു അനുരാഗ് കശ്യപ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. കരണ്‍ ജോഹര്‍, തുടങ്ങി നിരവധിപേര്‍ താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

അക്ഷയ്കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഷാരൂഖാന്റെ ഒരു ചിത്രം പോലും ഒടിടിയില്‍ പുറത്തിറങ്ങാത്തതുകൊണ്ട് തന്നെ ഏവരേയും വളരെ ആശ്ചര്യപെടുത്തുന്ന പ്രഖ്യാപനമായിരുന്നു ഷാരൂഖാന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോം. എന്തായാലും എല്ലാവരും കാത്തിരിക്കുകയാണ് താരത്തിന്റെ എസ്ആര്‍കെ പ്ലസില്‍ എന്തെല്ലാമാണ് ഒരുക്കിയിരിക്കുന്നതെന്നറിയാന്‍. കഴിഞ്ഞ വര്‍ഷം രണ്ട് പ്രമോഷണല്‍ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ട് താരം തന്റെ ഒടിടിയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ മകന്‍ ആര്യന്‍ ഖാന്‍ നിയമപോരാട്ടത്തില്‍ ആയതൊടെ പ്രഖ്യാപനങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു.