‘കേരളത്തില്‍ നടപ്പില്ല, എന്റെ ആ ആഗ്രഹം തമിഴ് നാട്ടിലേ നടക്കൂ’: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു..
1 min read

‘കേരളത്തില്‍ നടപ്പില്ല, എന്റെ ആ ആഗ്രഹം തമിഴ് നാട്ടിലേ നടക്കൂ’: ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു..

മലയാളികളുടെ പ്രിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ . സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുപ്പര്‍താര പദവിയിലെത്താന്‍ ദുല്‍ഖറിന് സാധിച്ചു. കുറുപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ മലയാള ചിത്രം. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന താരത്തിന്റെ പുതിയ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. മാര്‍ച്ച് 18ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസാവുന്നത്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഹേ സിനാമിക’ യാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ ചിത്രം.

ഇപ്പോഴിതാ ആള്‍ക്കൂട്ടത്തിനൊപ്പം നില്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. കലൈജ്ഞര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് താരം ഇങ്ങനെ പറഞ്ഞത്. പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണെന്നും ദുല്‍ഖര്‍ പറയുന്നു. ഹേ സിനാമികയുടെ ചിത്രീകരണ സമയത്തെ വിശേഷങ്ങളും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ബൃന്ദ മാസ്റ്ററുടെ കൂടെ പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും സഹപ്രവര്‍ത്തകരെല്ലാം സ്വന്തം കുടുംബത്തെ പോലെയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു.

തന്റെ പത്തുവര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാമെന്നാണ് കരുതിയതെന്നും ദുല്‍ഖര്‍ പറയുന്നു. തന്റെ അഭിനയത്തില്‍ ഇപ്പോഴും തൃപ്തനല്ലെന്നും ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ടെന്ന് തോന്നാറുണ്ടെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒഴിവു സമയങ്ങളില്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ആ സമയത്ത് വേറെ ആരെങ്കിലും എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ അത് തന്നെ അസ്വസ്ഥനാക്കുമെന്നും താരം പറഞ്ഞു.

ജോലിയില്ലാത്ത സമയങ്ങളില്‍ താന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്കത് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. തന്നെ വിളിക്കണ്ട, വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ടെങ്കിലും ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്’, ദുല്‍ഖര്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു കോടി ഫോളോവര്‍മാരെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. മോഹന്‍ലാലിനും, മമ്മൂട്ടിക്കും വളരെ ദൂരം മുന്നിലാണ് ദുല്‍ഖര്‍. 4.4 മില്യണ്‍ ഫോളോവര്‍മാരാണ് മോഹന്‍ലാലിനുള്ളത്. 3 മില്യണാണ് മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവര്‍മാരുടെ എണ്ണം. തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് താരം. അല്ലു അര്‍ജുനാണ് ഒന്നാം സ്ഥാനത്ത്. ആദ്യ സിനിമയായ സെക്കന്റ് ഷോയ്ക്ക് ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ദുല്‍ഖറിന് കഴിഞ്ഞു. ചാര്‍ലി, വിക്രമാദിത്യന്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ദുല്‍ഖറിനെ മലയാളത്തിന്റെ പുതിയ യൂത്ത് ഐക്കണാക്കി മാറ്റി. ചാര്‍ലിയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി. അഭിനേതാവിനൊപ്പം ഗായകനെന്ന നിലയിലും ദുല്‍ഖര്‍ തിളങ്ങി. ‘സോയാ ഫാക്ടര്‍’, ‘കാര്‍വാന്‍’ തുടങ്ങിയ സിനിമയിലൂടെ ഹിന്ദിയിലും, ‘മഹാനടിയില്‍’ ജെമിനി ഗണേശനായി അഭിനയിച്ച് തെലുങ്കിലും, ‘ഒ.കെ. കണ്‍മണി’, ‘കണ്ണുംകണ്ണും കൊള്ളയടിത്താല്‍’ തുടങ്ങിയ സിനിമകളിലൂടെ തമിഴിലും സാന്നിദ്ധ്യം അറിയിച്ച ദുല്‍ഖര്‍ മറുനാട്ടിലും സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ്.