മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ
1 min read

മമ്മൂട്ടി എന്ന നടൻ തീർന്നു എന്ന് മറ്റുള്ളവർ വിധിയെഴുതിയപ്പോൾ അതിനെയെല്ലാം തച്ചുടച്ച് മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ / സിനിമകൾ

മലയാള സിനിമയിൽ തൻ്റെ ഇടം കണ്ടെത്താൻ ആവോളം കഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ തനിയ്ക്ക് ലഭിക്കുന്ന സിനിമകളും, താൻ വേഷമിടുന്ന കഥാപാത്രങ്ങളും മികച്ചതാക്കാൻ ആഗ്രഹിക്കുകയും, പരിശ്രമിക്കുകയും ചെയ്യുന്ന നടൻ കൂടിയാണ് അദ്ദേഹം. എല്ലാം നഷ്ടമായിട്ടും, മനസും, ശരീരവും ഒരുപോലെ തകർന്ന് തരിപ്പണമായ അവസ്ഥയി നിൽക്കുമ്പോഴും ഒരു മനുഷ്യനിലെ അല്ലെങ്കിൽ ഒരു നടനിലെ ശൂന്യതയെ മ്മൂട്ടിയോളം മികവുറ്റതാക്കി ഒരു നടനും ഇന്നേവരെ അവതരിപ്പിച്ചിട്ടില്ല. അത്തരം കഥാപാത്രങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നതിൽ അദ്ദേഹത്തിന് ഒരു വല്ലാത്ത അഭിനയ സാമർഥ്യം തന്നെയുണ്ട്. ഒന്ന് പെട്ടെന്ന് ചിന്തിക്കുമ്പോൾ അത്തരത്തിൽ മനോഹരമാക്കിയ മമ്മൂട്ടി സിനിമകളും കഥാപത്രങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. അവയിൽ ചിലത് ( ചുരുക്കം ചിലത് മാത്രം ) പരിചയപ്പെടാം.

പപ്പയുടെ സ്വന്തം അപ്പൂസ്

ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് പപ്പയുടെ സ്വന്തം അപ്പൂസ്. സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും ഭേദിച്ച സിനിമയായിരുന്നു ‘പപ്പയുടെ സ്വന്തം അപ്പൂസ്.’ ചിത്രത്തിൽ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീവന് തുല്ല്യം താൻ സ്നേഹിക്കുന്ന മകൻ ആശുപത്രികിടക്കയിൽ ഗുരുതര രോഗാവസ്ഥയിൽ കിടക്കുമ്പോൾ, മുൻപൊരിക്കൽ അയാൾ മകനോട് ചില സ്ഥലങ്ങളിൽ കൊണ്ടുപോകാമെന്ന് വാക്കുകൊടുത്തിരുന്നു. തൻ്റെ മകൻ്റെ അവസാന ആഗ്രഹമായ ഈ വാക്ക് പാലിക്കുന്നതിനായി അദ്ദേഹം ഡോക്ടർമാരുടെ വാക്കുപോലും വിലവെക്കാതെ മകനെയും മാറോടണച്ച് സഞ്ചരിക്കുന്നു. പ്രതീക്ഷകളും, സ്വപ്നങ്ങളും അവസാനിച്ചു എന്ന് തോന്നുന്ന ഇടങ്ങളിൽ നിന്നെല്ലാം അയാൾ മകനൊപ്പം ജീവിതത്തെ തിരികെ പിടിക്കാൻ ശ്രമിക്കുന്നു.

പേരൻമ്പ്

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻമ്പ്. മമ്മൂട്ടി തൻ്റെ അഭിനയ ശക്തി പൂർണമായി പ്രകടമാക്കിയ ചിത്രം കൂടിയായിരുന്നു പേരൻമ്പ്. അദ്ദേഹത്തിൻ്റെ ഉയരവും, അഴകും ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വലിയ തടസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തൻ്റെ പഴയകാലചിത്രങ്ങളുടെ മികവിലേയ്ക്ക് ഈ ചിത്രത്തിലൂടെ ഉയർന്നു വരികയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഗ്രേറ്റ്‌ ഫാദറിനെ ഈ ചിത്രത്തില്‍ നമ്മുക്ക് കാണാൻ സാധിക്കും. അച്ഛനും മകളും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും തീവ്രമായ ചലചിത്ര കഥകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് . ഒരു കൗകരക്കാരിയായ പെണ്‍കുട്ടിയെ പരിപാലിക്കേണ്ടി വരുന്ന ഒരു സിംഗിള്‍ പേരന്റിന്റെ കഥ എളുപ്പം വഴങ്ങുന്നതല്ല . ഒന്ന് അതിവൈകാരികതയുടെ കടന്നു കയറ്റം ഉണ്ടാകാം .അല്ലെങ്കില്‍ അതിൻ്റെ ഗൗരവത്തിൽ അതിനെ അവതരിപ്പിക്കാൻ സാധിക്കില്ല. ജീവിതത്തെ ആര്‍ദ്രമായി കാണുന്ന ഒരാള്‍ക്കേ ഇത്തരമൊരു കഥ അവതരിപ്പികാൻ സാധിക്കുകയുള്ളു. പിതൃ – പുത്രി ബന്ധം ഏത് അവസ്ഥയില്‍ ആണെങ്കിലും ഒരു ഞാണിന്മേല്‍ കളിയാണെന്ന യാഥാര്‍ത്യം ചിത്രം അടിവരയിടുന്നു .ഒരു മകളെ മനസ്സിലാക്കാനുള്ള അച്ഛൻ്റെ പരിമിതികള്‍ അതിശക്തമായി പ്രകടമാക്കി തന്ന ചിത്രമാണിത്.

പൊന്തൻമാട

ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് പൊന്തൻമാട. മമ്മൂട്ടി, നസറുദ്ദീൻ ഷാ, ലബോനി സർക്കാർ, ജനാർദ്ദനൻ, മണിയൻപിള്ള രാജു എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു . 1994- ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും ഈ ചിത്രത്തിന് ലഭിച്ചു. അതോടൊപ്പം ഈ ചിത്രത്തിലെയും വിധേയൻ എന്ന ചിത്രത്തിലെയും അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.  1994-ലെ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച സംവിധായകൻ, നടൻ, ഛായാഗ്രാഹകൻ, സംഗീതസംവിധായകൻ എന്നീ പുരസ്കാരങ്ങൾ മലയാളത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. മമ്മൂട്ടി എന്ന നടൻ തൻ്റെ ശരീര ഭാഷയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു പൊന്തൻമാട.

അമരം

1991-ൽ മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ച ഈ ചിത്രം മുക്കുവരുടെ കഥ പറയുന്നു. മമ്മൂട്ടി , മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു . മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെയും തേടിയെത്തി. മത്സ്യത്തൊഴിലാളിയായ അച്ചൂട്ടിയും, അയാളുടെ മകൾ രാധയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അമരം. മകളെ ജീവനു തുല്ല്യം സ്നേഹിക്കുന്ന അച്ചൂട്ടി തൻ്റെ മകളെ നന്നായി പഠിപ്പിച്ച് മിടുക്കിയാക്കാൻ ശ്രമിക്കുകയാണ്. നന്നയി പഠിച്ച് മാർക്ക് വാങ്ങിച്ച്  അച്ചൂട്ടിയുടെ മകൾ തൻ്റെ ബാല്യകാല സുഹൃത്തായ രാഘവനുമായി പ്രണയത്തിലാവുകയും അയാളെ ഒളിച്ചോടി വിവാഹം കഴിക്കുകയും ചെയ്യുന്നു. ഈ സംഭവം അച്ചൂട്ടിയെ വല്ലാതെ വിഷമത്തിലാക്കുന്നു.  അയാൾ മകളുമായി പിണങ്ങുന്നെങ്കിലും അയാൾക്ക് മകൾ ജീവനാണ്.  മകളുടെ ഭർത്താവിനെ ഇഷ്ടമില്ലാത്ത അച്ചൂട്ടിയാണ് രാഘവനെ കൊന്നതെന്ന് കരയിൽ സംസാരം ഉടലെടുക്കുന്നു. സത്യത്തിൽ കടലിൽ വെച്ച് രാഘവൻ അപകടത്തിൽപ്പെടുകയിരുന്നു. എന്നാൽ പിന്നീട് രാഘവനെ കടലിൽ വെച്ച് അച്ചൂട്ടി കാണുകയും അയാളെ രക്ഷിക്കുകയും ചെയ്യുന്നു.  തനിയ്ക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് പിന്നീട് രാഘവൻ തുറന്നു പറയുമ്പോഴഴാണ് എല്ലാവരും സത്യം മനസിലാക്കുന്നത്.  താൻ ജീവനു തുല്ല്യം സ്നേഹിച്ച മകൾ പോലും തന്നെ തള്ളി പറഞ്ഞതോർത്ത് അയാൾ തന്നെ ഉപാധികളൊന്നുമില്ലാതെ സ്നേഹിച്ച കടലിലേയ്ക്ക് ഇറങ്ങി പോകുവാൻ ശ്രമിക്കുകയാണ്. അപ്പോഴും ആർക്ക് മുന്നിലും തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത അച്ചൂട്ടയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ പ്രേക്ഷക മനസിലേയ്ക്ക് ഇത്രത്തോളം ആകർഷിച്ചത്.

ഭൂതകണ്ണാടി

1997 – ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഭൂതക്കണ്ണാടി.  ചിത്രത്തി ൻ്റെ തിരക്കഥ എഴുതിയതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥ പറയുന്ന ഈ ചിത്രത്തിൻ്റെ സംവിധാനത്തിന് ലോഹിതദാസിന് 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.  ഈ ചിത്രത്തിനു 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു. ഭൂതകണ്ണാടിയിലെ വിദ്യാധരൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അല്ലാതെ മറ്റ് ഏതൊരാൾ ചെയ്യുക ആയിരുന്നെങ്കിലും അത്രത്തോളം മികച്ചതാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സംസാര ശൈലിയിലും, വേഷത്തിലും, രൂപത്തിലും ഭാവത്തിലും,ശരീര ഘടനയിലുമെല്ലാം ജീവിത പ്രതിസന്ധികളോട് പോരടിക്കുന്ന മനുഷ്യൻ വേറിട്ടൊരു കഥാപാത്രത്തെ സൃഷ്ടിക്കുകയിരുന്നു. അതുപോലെ തന്നെ സിബി മലയിൽ സംവിധാനം ചെയ്ത്, ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച് 1987-ൽ പുറത്തിറങ്ങിയ തനിയാവർത്തനം എന്ന ചിത്രത്തിലും കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിൻ്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിൻ്റെ സങ്കീർണ്ണഭാവങ്ങളെ അത്രത്തോളം മനോഹരമാക്കി അവതരിപ്പിക്കാൻ മമ്മൂട്ടിയോളം പോന്നോരു നടനെ വേറേ കാണാനില്ല.

ഡാനി

പ്രശസ്ത മലയാളം സം‌വിധായകൻ ടി.വി. ചന്ദ്രൻ്റെ സം‌വിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡാനി. ചിത്രത്തിൽ മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രശസ്ത് നർത്തകി മല്ലിക സാരാഭായ്,സിദ്ദിഖ്,വാണി വിശ്വനാഥ് എന്നിവരാണു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നുവരേ കണ്ടിട്ടുള്ള മമ്മൂട്ടിയുടെ കഥാപാത്രങ്ങളിൽ നിന്നും വേറിട്ടൊരു കഥാപാത്രമായിരുന്നു ഡാനി. ജീവിതത്തിൽ ഒരിക്കലും തോറ്റു കൊടുക്കാൻ തയ്യാറാകാത്ത കഥാപാത്രം. എന്നാൽ അയാൾ എല്ലായിടങ്ങളിലും മറ്റുള്ളവർക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യുകയും ചെയ്യുന്നു. അത്തരത്തിലൊരു കഥാപാത്രത്തെ സൃഷ്ടിച്ച സംവിധായകൻ ടി.വി . ചന്ദ്രൻ പോലും പറയുന്നത് പൊന്തന്മാടയിലെ മമ്മൂട്ടിയുടെ അഭിനയത്തേക്കാൾ ഒരു പടി മികച്ചതാണ് ഡാനിയിലെ മമ്മൂട്ടി.

പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌

മമ്മൂട്ടിയെ നായകനാക്കി 2010 സെപ്‌റ്റംബറിൽ രഞ്ജിത്ത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌. ചിത്രത്തിൻ്റെ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നത് രഞ്ജിത്താണ്. ‘ചെറമ്മൽ ഈനാശു ഫ്രാൻസിസ്‌’ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതുവരെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തവും, പുതുമയുള്ളതുമായ കഥപാത്രമായിരുന്നു ഇത്. തൃശൂർ ആസ്ഥാനമായുള്ള ബിസിനസുകാരനായ പ്രാഞ്ചിയേട്ടൻ കഠിനാധ്വാനത്തിലൂടെ തൻ്റെ ബിസിനസ്സ് വളർത്തുകയും വിവരണാതീതമായ വിജയം നേടുകയും ചെയ്യുന്നു. എല്ലാം കൊണ്ടും അയാൾ അസന്തുഷ്ടനാണ്, എനിട്ടും തൻ്റെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പണം കൊടുത്ത് തനിയ്ക്ക് എന്തും സ്വന്തമാക്കാൻ സാധിക്കുമെന്ന പൊങ്ങച്ചകാരനായ പണക്കാരൻ പ്രാഞ്ചിയെ വളരെ രസകരമായും, ഭംഗിയായിട്ടുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

ഈ പറഞ്ഞ സിനിമകൾക്കെല്ലാം അപ്പുറത്ത് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സക്കറിയ’, കോട്ടയം കുഞ്ഞച്ഛനിലെ കുഞ്ഞച്ചൻ, കൗരവരിലെ ആന്റണി, ശ്രീധരന്റെ ഒന്നാം തിരുമുറവിലെ ശ്രീധരൻ, ന്യൂഡൽഹിയിലെ ജി.കെ, ഉണ്ടയിലെ എസ്ഐ മണി, അങ്ങനെ പറഞ്ഞാലും ,പറഞ്ഞാലും തീരാത്ത നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടിയ്ക്ക് സ്വന്തമായി അവകാശപ്പെടാൻ സാധിക്കുന്നവയാണ്.