Latest News

ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ? സിനിമയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള കാരണങ്ങള്‍… വെളിപ്പെടുത്തലുമായി സംയുക്ത വര്‍മ്മ

ഒരിടയ്ക്ക് മലയാളികളുടെ ഇഷ്ടതാരമായിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടി ഇപ്പോള്‍ കൂടുതല്‍ സമയവും യോഗയ്ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി. നടിയുടെ ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികളുടെ ഇഷ്ടതാരമായി സംയുക്ത വര്‍മ്മ മാറി.

പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ മലയാളത്തില്‍ തിളങ്ങി. അതില്‍ നടി അഭിനയിച്ച ഹിറ്റ് സിനിമകളാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നിവ. വെറും നാലു വര്‍ഷം മാത്രമാണ് മലയാള സിനിമയില്‍ നടി സജീവമായത്. അതിനിടയില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്.

 

അതേസമയം, നീണ്ട 17 വര്‍ഷത്തിന് ശേഷം സംയുക്ത വര്‍മ്മ ഒരു അഭിമുഖത്തില്‍ എത്തിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമാ മേഖലയിലേക്ക് വീണ്ടും തിരിച്ചുവരുമോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് സംയുക്ത. സിനിമയിലേക്കുള്ള തിരിച്ച് വരവിനെ പറ്റിയൊന്നും ഇതുവരെ ഒന്നും ആലോജിച്ചിട്ടില്ലെന്നും, തനിക്ക് സിനിമയിലേക്ക് ധാരാളം ഓഫറുകള്‍ ലഭിച്ചിരുന്നെന്നും നടി പറയുന്നു. പഴശ്ശിരാജാ എന്ന സിനിമയില്‍ കനിഹ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ തനിക്കായിരുന്നു ആദ്യം ഓഫര്‍ വന്നതെന്നും, എന്നാല്‍ ആ സമയത്ത് മകന്‍ ചെറുതായതു കൊണ്ട് ആ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. മകന്‍ തന്റെ സിനിമ അങ്ങനെ കാണാറില്ലെന്നും, അവന് സിനിമയില്‍ അഭിനയിക്കാന്‍ വല്യ താല്‍പര്യമില്ലെന്നും, എന്നാല്‍ സിനിമ ഇഷ്ടമാണെന്നും നടി പറഞ്ഞു.