‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’ ; ചിത്രം പങ്കുവച്ച് സാമന്ത
1 min read

‘ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി’ ; ചിത്രം പങ്കുവച്ച് സാമന്ത

മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഏതൊരു അഭിനേതാവും കൊതിക്കുന്ന വേഷങ്ങളെല്ലാം മമ്മൂട്ടി ഇതിനകം തന്നെ അഭിനയിച്ചു കഴിഞ്ഞല്ലോ. പ്രായം 72 പിന്നിടുമ്പോൾ ഇനിയും മമ്മൂട്ടിയ്ക്ക് എന്താണ് ചെയ്യാൻ ബാക്കിയുള്ളതെന്ന് പ്രേക്ഷകർക്ക് ഒരുവേള സംശയം തോന്നിയേക്കാം. 1971ൽ തന്റെ ആദ്യചിത്രം ‘അനുഭവങ്ങൾ പാളിച്ചകളിൽ’ അഭിനയിക്കാൻ ചെന്ന ആ ‘ആർത്തി’ ഇന്നൽപ്പം കൂടി മൂർച്ഛിട്ടുണ്ടെങ്കിലേ ഉള്ളൂ. മുന്‍പ് കാതല്‍ സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും ആവേശത്തോടെ പറഞ്ഞ ആളായിരുന്നു തെന്നിന്ത്യന്‍ താരം സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സാമന്ത മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട എന്ന വാക്കുകളോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ ടാഗ് ചെയ്തിട്ടുമുണ്ട്. കൊച്ചിയില്‍ ഒരു പരസ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനെത്തിയതാണ് സാമന്ത.

തൊട്ടടുത്ത സ്റ്റോറിയായി മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ മറ്റൊരു താരത്തിന്‍റെ ചിത്രവും സാമന്ത പങ്കുവച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്‍റേത് ആണത്. കൊച്ചിയിലെ ഒരു പരസ്യബോര്‍ഡിലെ ഫഹദ് ഫാസിലിന്‍റെ ചിത്രമാണ് സാമന്ത പങ്കുവച്ചത്. മറ്റൊരു ഫേവറൈറ്റ് എന്നാണ് ഇതിന്‍റെ ക്യാപ്ഷന്‍. ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാതലിനെക്കുറിച്ച് സാമന്ത നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. “മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല”, സാമന്ത കുറിച്ചിരുന്നു.

അതേസമയം ഭ്രമയുഗം 50 കോടി ക്ലബിലെത്തിയോടെ അപൂർവ നേട്ടത്തിനുടമയായിരിക്കുകയാണ് മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്​ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്​തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അൻപത് കോടി ക്ലബ്ബിലെത്തിയത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്‌ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്​ത കണ്ണൂര്‍ സ്​ക്വാഡും 2022ല്‍ റിലീസ് ചെയ്​ത ഭീഷ്​മ പര്‍വവും 50 കോടി ക്ലബ്ബിലെത്തിയിരുന്നു.