600 കോടി ക്ലബ്ബിലെത്തി സലാർ, മുപ്പതാം ദിവസം ഒടിടിയിലേക്ക്; തിയേറ്ററിൽ മിസ് ആയവർക്ക് ഇന്ന് അർദ്ധരാത്രി മുതൽ കാണാം
1 min read

600 കോടി ക്ലബ്ബിലെത്തി സലാർ, മുപ്പതാം ദിവസം ഒടിടിയിലേക്ക്; തിയേറ്ററിൽ മിസ് ആയവർക്ക് ഇന്ന് അർദ്ധരാത്രി മുതൽ കാണാം

ളരെയധികം ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. പ്രേക്ഷകർക്ക് പ്രിയപ്പെട്ട കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നുവെന്നത് മലയാളികൾക്കും താൽപര്യക്കൂടുതൽ ഉണ്ടാക്കിയ ഘടകമാണ്.

പൃഥ്വിരാജിന്റെ സലാറിലെ ലുക്ക് മലയാള സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിലീസ് ചെയ്തപ്പോഴും പൃഥ്വി കയ്യടികൾ നേടി മലയാളികളുടെ അഭിമാനം കാത്തു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ മുപ്പത് ദിവസത്തെ തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിൻറെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രി 12 മണിക്ക് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. തെന്നിന്ത്യൻ ഭാഷാ പതിപ്പുകളാണ് ഇന്ന് എത്തുന്നത്. അതേസമയം വൻ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം, മികച്ച ഓപണിംഗും തുടർ കളക്ഷനും ഈ പ്രശാന്ത് നീൽ ചിത്രത്തിന് ലഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടി ക്ലബ്ബിൽ ഇടം നേടാനും സലാറിന് കഴിഞ്ഞു. അങ്ങനെ ബോക്സ് ഓഫീസിലേക്ക് പ്രഭാസിൻറെ തിരിച്ചുവരവും സംഭവിച്ചു. ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമൂല്യം കുതിച്ചുയർന്ന പ്രഭാസിൻറെ പിന്നീടുള്ള ചിത്രങ്ങൾ ഈ വിപണി ലക്ഷ്യമാക്കി വൻ ബജറ്റിലാണ് ഒരുങ്ങിയത്.

എന്നാൽ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ അവ പരാജയപ്പെട്ടിരുന്നു. തിയറ്ററിന് ശേഷം ഒടിടിയിൽ ചിത്രം എത്തരത്തിൽ സ്വീകരിക്കപ്പെടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൻറെ നിർമ്മാണം ഹൊംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ്. കെജിഎഫും കാന്താരയും നിർമ്മിച്ച ബാനർ ആണ് ഹൊംബാലെ. ഭുവൻ ഗൗഡയാണ് ഛായാഗ്രാഹകൻ. ഉജ്വൽ കുൽക്കർണി ആണ് എഡിറ്റർ. ശ്രുതി ഹാസൻ നായികയായ ചിത്രത്തിൽ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.