ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി ‘ മലൈക്കോട്ടൈ  വാലിബന്‍’
1 min read

ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി ‘ മലൈക്കോട്ടൈ വാലിബന്‍’

പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം തിയറ്ററുകളിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്നലെയാണ് ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങിയത്. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ.

ഇപ്പോഴിതാ പ്രീ ബുക്കിംഗില്‍ മികച്ച പ്രതികരണം നേടുകയാണ് ചിത്രം. ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനവും ട്രെയ്‍ലര്‍ റിലീസും നടന്ന ഇന്ന് തന്നെയാണ് ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആയ ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ത്തന്നെ ചിത്രം ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. മണിക്കൂറില്‍ 1500 ടിക്കറ്റുകള്‍ക്ക് മുകളിലാണ് ബുക്ക് മൈ ഷോ വിറ്റത്. റിലീസിന് മുന്‍പ് ആറ് ദിനങ്ങള്‍ കൂടി ശേഷിക്കുന്നതിനാല്‍ അഭിപ്രായം എന്തായാലും മികച്ച ഓപണിംഗ് ചിത്രത്തിന് ഉറപ്പാണ്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം റെക്കോര്‍ഡ് കളക്ഷനിലേക്ക് പോകും ചിത്രം.

ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന്‍ എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ഇന്നലെ ആരംഭിച്ച യുകെ ബുക്കിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അവിടുത്തെ വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്.

പ്രണയവും, വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.