”മോഹൻലാലും ലിജോയും ചേരുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിച്ചിരിക്കും”; നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിക്കുന്നു
1 min read

”മോഹൻലാലും ലിജോയും ചേരുമ്പോൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് ലഭിച്ചിരിക്കും”; നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിക്കുന്നു

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. പ്രേക്ഷകർ ഏറെ ആവേശത്തോടെ അക്ഷമരായി കാത്തിരിക്കുകയാണ്. പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടുകൂടെയാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. വലിയ കാൻവാസിൽ ഒരുക്കിയ ഈ ചിത്രത്തിലെ ഇന്നലെയിറങ്ങിയ ട്രെയ്ലർ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുണ്ടായിരുന്നു.

മലൈക്കോട്ടൈ വാലിബൻ എന്ന ഈ സിനിമ ഒരു പ്രത്യേക ജോണറിലുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും ഈയിടെ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. അതുകൊണ്ട് വാലിബൻ ഒരു വലിയ സിനിമയാണെന്ന് പറയാം, പക്ഷേ ഏത് തരത്തിലാണ് കഥ പറയുന്നതിനെക്കുറിച്ചൊന്നും പ്രേക്ഷകന് യാതൊരു മുൻവിധിയും വയ്ക്കാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഇപ്പോൾ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാലും എൽജെപിയും നിർമ്മാതാവും എല്ലാം പങ്കെടുത്ത ഒരു പ്രസ് മീറ്റിൽ വലിബന്റെ നിർമ്മാതാവ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാൽ – ലിജോ കൂട്ടുകെട്ടിൽ സംഭവിക്കുന്ന സിനിമ വലിയ ഹൈപ്പോടെയാണ് പ്രേക്ഷകർ കാണുന്നത്, ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു ചോദ്യം. ഇതിനോട് വളരെ സെൻസിബിൾ ആയിട്ടായിരുന്നു സിനിമയുടെ നിർമ്മാതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചത്.

ഈ ചോദ്യത്തിനുള്ള ഉത്തരം ചോദ്യത്തിൽ തന്നെയുണ്ടെന്നാണ് ഷിബു ബേബി ജോൺ പറഞ്ഞത്. ”മോഹൻലാലും ലിജോയും ചേരുമ്പോൾ എന്താണ് പ്രൊഡക്റ്റ് എന്നുള്ളത്, ആ ഉത്തരം ചോദ്യത്തിനകത്ത് തന്നെയുണ്ട്. ഹൈപ്പ് എന്നുള്ളത് നിങ്ങൾ ഏതർത്ഥത്തിലാണ് അതിനെ വീക്ഷിക്കുന്നത് എന്നുള്ളത് വ്യത്യസ്തമാണ്. രണ്ട് പേരുടെയും സ്ട്രെങ്ങ്ത്ത് എന്താണെന്ന് അറിയാം. അതെല്ലാമുൾപ്പെടുന്ന ഒരു പ്രൊഡക്റ്റ് തന്നെയാണ് നമ്മുടെ മുൻപിലേക്ക് വരുന്നത്”- അദ്ദേഹം വ്യക്തമാക്കി.

അതേസമയം മലൈക്കോട്ടൈ വാലിബൻ മികച്ച തിയേറ്റർ അനുഭവം ആയിരിക്കുമെന്ന് മോഹൻലാൽ വ്യക്തമാക്കി. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”ഞാൻ ഒരു സിനിമ തിയേറ്ററിൽ കാണാൻ ആ​ഗ്രഹിക്കുന്നയാളാണ്. ഏത് സിനിമയായാലും. സിനിമ പല മീഡിയത്തിൽ ഇപ്പോൾ കാണാം. പക്ഷേ ഞങ്ങൾക്ക് ഈ സിനിമ നിങ്ങൾ തിയേറ്ററിൽ പോയി കാണണമെന്നുള്ളൊരു വാശിയും കൂടിയുണ്ട്.

കാരണം അതിന് വേണ്ടിയിട്ടാണ് കഴിഞ്ഞ ഈ ഒരു വർഷം ഞങ്ങൾ കഷ്ടപ്പെട്ടത്. അത് നന്നാകാൻ സാധ്യതയുള്ള ഒരു സിനിമയായത് കൊണ്ടാണ് ഇത്രയും വലിയൊരു കാൻവാസിൽ എടുത്തത്. പിന്നെ ഒരു പ്രൊഡക്റ്റ് വരുമ്പോൾ എല്ലാത്തിനും അഡ്വർടൈസ്മെന്റ് എന്നൊരു സാധനം ഉണ്ടാകുമല്ലോ. പ്രൊഡക്റ്റ് നന്നാകാം, മോശമാകാം. പക്ഷേ ആദ്യം വരുമ്പോൾ മോശം സിനിമ എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ, ഇതാ വരുന്നു ഒരു നല്ല സിനിമ എന്ന് പറഞ്ഞേ ചെയ്യാൻ പറ്റു”- മോഹൻലാൽ വ്യക്തമാക്കി.