പ്രതീക്ഷയെ പുനർനിർവചിക്കുന്നു; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തെക്കുറിച്ചൊരു സർപ്രൈസ്; പൃഥ്വിയുടെ വാക്കുകളിങ്ങനെ
1 min read

പ്രതീക്ഷയെ പുനർനിർവചിക്കുന്നു; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തെക്കുറിച്ചൊരു സർപ്രൈസ്; പൃഥ്വിയുടെ വാക്കുകളിങ്ങനെ

മലയാളികളുടെ അഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതം ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പുസ്തകം വായിച്ച് ഉള്ള് പിടഞ്ഞവരെല്ലാം അത് തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ആ കാത്തിരിപ്പ് അവസാനിക്കാൻ പോകുകയാണെന്നാണ് പൃഥ്വിരാജ് നൽകുന്ന സൂചന.

ആടുജീവിതത്തിന്റെ ഔദ്യോ​ഗിക റിലീസ് തീയതി ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വൈകീട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനം. ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്. പ്രതീക്ഷയെ പുനർനിർവചിക്കുന്നു എന്നാണ് റിലീസ് തീയതി പ്രഖ്യാപനത്തേക്കുറിച്ചുള്ള വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

2018 മാർച്ചിൽ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ജോർദാൻ, അൾജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയിൽ കോവിഡ് കാലത്ത് സംഘം ജോർദാനിൽ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്. എന്നാൽ ഈ വർഷം ആദ്യം ചിത്രത്തിന്റെ ദൃശ്യങ്ങൾ ഒരു വെബ്സൈറ്റിലൂടെ ചോർന്നത് അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ ട്രെയിലറാണ് പുറത്തുവന്നതെന്ന് പിന്നീട് സംവിധായകൻ വിശദീകരിച്ചിരുന്നു. ശേഷം ട്രെയിലർ എന്ന രീതിയിൽത്തന്നെ ഈ ദൃശ്യങ്ങൾ ഔദ്യോ​ഗികമായി പുറത്തുവിടുകയും ചെയ്തു.