‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും
1 min read

‘സംവിധായകനാവാൻ റസൂൽ പൂക്കുട്ടി’ : നായക വേഷത്തിൽ ആസിഫ് അലിയും, അർജുൻ അശോകനും ; മുഖ്യകഥാപാത്രം ചെയ്യാൻ നടൻ സത്യരാജും

ശബ്ദത്തിൻ്റെ മാന്ത്രികതകൊണ്ട് ലോക മലയാളികൾക്ക് മുന്നിൽ വിസ്‌മയം തീർത്ത വ്യക്തിയാണ് റസൂൽ പൂക്കുട്ടി.  ഓസ്‌കാർ അവാർഡിൻ്റെ തിളക്കത്തിൽ അഭിനാർഹമായ നേട്ടം കൈവരിച്ച അദ്ദേഹം സംവിധാന രംഗത്തേയ്ക്ക് കൂടി കാൽവെയ്പ്പ് നടത്തുകയാണ്. റസൂൽ പൂക്കുട്ടിയുടെ നിർമാണ സംരംഭമായ റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസ് ഒരുക്കുന്ന ‘ഒറ്റ’ എന്ന ചിത്രമാണ് അദ്ദേഹത്തിൻ്റെ ആദ്യ സിനിമ. ആസിഫ് അലിയും, അർജുൻ അശോകനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇരുവർക്കുമൊപ്പം തമിഴ് നടൻ സത്യരാജും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെയും, നിർമാണ കമ്പനിയുടെയും ലോഞ്ചിങ്ങ് ഇന്നലെ കൊച്ചിയിൽ വെച്ച് നടന്നു.

ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ ഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസിൻ്റെ ലോഗോ പ്രകാശനം സംവിധായകൻ സിദ്ദിഖും, നടൻ സത്യരാജും ചേർന്ന് നിർവഹിച്ചു.  ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പി.യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ നിർമാതാവ് എസ്. ഹരിഹരനാണ്. സിനിമയുടെ സംവിധായകനായി റസൂൽ പൂക്കുട്ടിയെ സദസിന് മുൻപിൽ പരിചയപ്പെടുത്തിയത് സിബി മലയിലായിരുന്നു.  നിർമാതാവിൻ്റെ പേര് സംവിധായകൻ കെ. മധു പ്രഖ്യാപിച്ചു. ചിത്രത്തിലെ നായകനായ ആസിഫ് അലിയെ പരിചയപ്പെടുത്തിയത് നടി മമ്ത മോഹൻദാസായിരുന്നു. സത്യരാജിനെ നടൻ സിദ്ദിഖും അർജുൻ അശോകനെ സംവിധായകൻ വി.കെ. പ്രകാശും വേദിയ്ക്ക് മുൻപിൽ പരിചയപ്പെടുത്തി.

ചൈൽഡ് അഭ്യൂസിങ്ങ് കാരണം വീട് വിട്ട് ഇറങ്ങി പോകേണ്ടി വരുന്ന കുട്ടികളുടെ കഥയാണ് ചിത്രത്തിൽ പരാമർശിക്കുന്നത്. പലതരത്തിൽ വീടുകളിലും, പുറത്തും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. രൺജി പണിക്കർ, ലെന, ശ്യാമപ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഛായാഗ്രാഹകൻ അരുൺ വർമ തുടങ്ങിയവരും ഇന്നലെ നടന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു.