“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ
1 min read

“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ

ന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ വാക്കുകളോട് പ്രതികരിക്കുന്നത്.

രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ഇന്റര്‍വ്യൂവില്‍ രാജമൗലിയും നടന്‍ ജൂനിയര്‍ എന്‍ടിആറും പങ്കെടുത്തിരുന്നു.പേര്‍ളി മാണി നടത്തിയ ഇന്‍ര്‍വ്യൂവില്‍ മിന്നല്‍മുരളിയെക്കുറിച്ചും രാംചരണ്‍ പരാമര്‍ശിക്കുന്നുണ്ട്. മലയാള സിനിമയെയും അഭിനേതാക്കളെയും ഒരുപാട് ഇഷ്ടമാണെന്ന് പറയുന്ന രാംചരണ്‍ മോഹന്‍ലാലിന്റെ എല്ലാ സിനിമകളും പ്രിയപ്പെട്ടതാണെന്നും വ്യക്തമാക്കുന്നു. മുരളിഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. സാമ്പത്തികമായും വലിയ വിജയമായിരുന്നു ചിത്രം. ആദ്യ സംവിധാന സംരംഭത്തില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കയറാനായത് പൃഥ്വിരാജിന് അഭിമാന നേട്ടമായിരുന്നു.ടെക്‌നിക്കല്‍ വിഷയങ്ങളിലും ലൂസിഫര്‍ വളരെ മികച്ചു നിന്നിരുന്നു. ചിത്രം മള്‍ട്ടി ലാംഗ്വേജില്‍ റിലീസ് ചെയ്തത് കൊണ്ട് തന്നെ വലിയ കൂട്ടം പ്രേക്ഷകര്‍ ചിത്രത്തിനുണ്ടായി. ഇതാണ് ഇപ്പോള്‍ റീ മെയ്ക്ക് ചര്‍ച്ചകളിലേയ്ക്കും എത്തിച്ചിരിക്കുന്നത്. മികച്ച മലയാള സിനിമകളില്‍ ഒന്നായാണ് രാംചരണ്‍ ലൂസിഫറിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ആര്‍ആര്‍ആര്‍ എന്ന ചിത്രവും വലിയ പ്രതീക്ഷയോടെയാണ് മലയാളികളടക്കം കാത്തിരിക്കുന്നത്. ഈ മാസം 25നാണ് ചിത്രം റിലീസാകുന്നത്. രൗദ്രം, രണം, രുദിരം എന്നതാണ് ആര്‍ആര്‍ആര്‍ എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്നത്. ജൂനിയര്‍ എന്‍ടിആര്‍,അജയ്‌ദേവ്ഗണ്‍, ആലിയഭട്ട്, സമുദ്രക്കനി, ശ്രീയ ശരണ്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.450 കോടിയാണ് ചിത്രത്തിന്റെ ആകെ ബജറ്റ്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്രസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. റിലീസിന് മുന്‍പ് തന്നെ സാറ്റലൈറ്റ് അവകാശത്തിലൂടെയും മറ്റും കോടികളുടെ ബിസിനസാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.