‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു
1 min read

‘KGF v/s BEAST’!!; ഒരേസമയം MOST AWAITED പടങ്ങൾ കൊമ്പുകോർക്കുന്നു

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് യാഷ് നായകനായെത്തുന്ന കെജിഎഫ് ചാപ്റ്റര്‍ 2, ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റും. ഈ രണ്ട് ചിത്രങ്ങളുടേയും റിലീസ് സംബന്ധിച്ച് ആരാധകര്‍ ഏറെ സംശയത്തിലായിരുന്നു. എന്നാലിപ്പോഴിതാ ഏവരേയും ഞെട്ടിച്ചുകൊണ്ട് രണ്ട് ചിത്രങ്ങളുടെയും റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. രണ്ട് ചിത്രങ്ങളും ഒരേ സമയം തിയേറ്ററിലെത്തുന്നുവെന്ന വാര്‍ത്തയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. വേള്‍ഡ് വൈഡായി എത്തുന്ന കെജിഎഫ് 2വിനെ ഏറ്റുമുട്ടാന്‍ ബീസ്റ്റും എത്തുകയാണ്. വിജയിയുടെ ബീസ്റ്റ് കെജിഎഫിനൊപ്പം എത്തുന്നതോടെ ഫാന്‍ പവര്‍ ആരുടെയാണ് കൂടുതലെന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍.

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. ബീസ്റ്റുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ ഇരുകയ്യും നീട്ടിയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. ഏപ്രില്‍ 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡേ നായികയാവുന്ന ബീസ്റ്റ് ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിലേതായി ആദ്യം പുറത്തുവന്ന അറബിക് കുത്ത് തെന്നിന്ത്യന്‍ ഗാനങ്ങളില്‍ ആസ്വാദകരുടെ എണ്ണത്തില്‍ റെക്കോര്‍ഡുകളാണ് ഇട്ടിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ഗാനത്തിനും വന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. അറബിക്ക് കുത്ത് ഗാനം തെന്നിന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂവേഴ്‌സിനെ സ്വന്തമാക്കിയെന്ന റെക്കോര്‍ഡും നേടിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം പോലെ തന്നെ വിജയിയുടെ ഈ ചിത്രം മാസ് ആയിരിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം പറയുന്നത്.

അതേ സമയം യഷ് നായകനാകുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാ പ്രേമികളെല്ലാം വന്‍ ആവേഷത്തോടെയാണ്. അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘കെ ജി എഫ് ചാപ്റ്റര്‍ 2’ കെജിഎഫ് വണ്ണിന്റെ തുടര്‍ച്ചയാണ്. ഹിറ്റ് മേക്കര്‍ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തവണ മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ തൂഫാന്‍ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഈ ഗാനം. കന്നഡ , തെലുഗു , തമിഴ് , ഹിന്ദി , മലയാളം ഭാഷകളിലായി ഗാനം പുറത്തിറങ്ങിയിട്ടുണ്ട്.