‘കെജിഎഫിനേക്കാള്‍ വലുത് വന്നാലും ഭീഷ്മ പര്‍വ്വം തന്നെ ബെസ്റ്റ്’ ; മാലാ പാര്‍വ്വതിയുടെ കമന്റ് വൈറല്‍
1 min read

‘കെജിഎഫിനേക്കാള്‍ വലുത് വന്നാലും ഭീഷ്മ പര്‍വ്വം തന്നെ ബെസ്റ്റ്’ ; മാലാ പാര്‍വ്വതിയുടെ കമന്റ് വൈറല്‍

ബിഗ് ബി എന്ന കള്‍ട്ട് ക്ലാസിക്ക് പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും കൈകോര്‍ത്ത സിനിമയാണ് ഭീഷ്മ പര്‍വ്വം. തിയേറ്ററുകളില്‍ ആരവം തീര്‍ത്ത ഭീഷ്മ പര്‍വ്വത്തെപോലൊരു മറ്റൊരു ചിത്രവും ഈ അടുത്തിറങ്ങിയിട്ടില്ല. റിലീസ് ചെയ്തതിന് പിന്നാലെ നിരവധി റെക്കോര്‍ഡുകള്‍ ഭീഷ്മപര്‍വ്വം നേടിക്കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് നാല് ദിവസംകൊണ്ട് 8 കോടി നേടി. 50 കോടി ക്ലബിലും 75 കോടി ക്ലബിലും ഇപ്പോള്‍ 80 കോടി ക്ലബിലും ഇടം നേടിക്കഴിഞ്ഞു.

ചിത്രത്തെക്കുറിച്ച് പുറത്തിറങ്ങുന്ന ഓരോ വാര്‍ത്തകളും ആരാധകര്‍ ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി നൊട്ടോറിയസ് എന്ന ഭീഷ്മപര്‍വ്വം തീം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഈ വീഡിയോയ്ക്ക് മികച്ച അഭിപ്രായമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിച്ചത്. ഈ വീഡിയോ നടി മാലാ പാര്‍വ്വതിയും പങ്കുവെച്ചിരുന്നു. ഭീഷ്മ പര്‍വ്വം ചിത്രത്തില്‍ മോളി എന്ന കഥാപാത്രത്തെ വളരെ ഗംഭീരമായി അഭിനയിച്ച താരമാണ് മാല പാര്‍വ്വതി.

താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.കെ.ജി.എഫിന്റെ പോസ്റ്ററിനൊപ്പം ‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. വീഡിയോയ്ക്ക് താഴെ ഇങ്ങനെ കമന്റ് ചെയ്ത ആള്‍ക്ക് മാലാ പാര്‍വ്വതി പിന്നാലെ തന്നെ മറുപടി നല്‍കി. മറുപടി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താല്‍ മതിയെന്നും മാലാ പാര്‍വ്വതി പറയുന്നു. കെജിഎഫ് എന്ന ഐറ്റം വരുമ്പോള്‍, അത് ‘ വേറെ ‘ ആള്‍ക്കാരുടെ ആണെന്നും, അതില്‍ നിങ്ങള്‍ക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്. കെജിഎഫ് ഉം എനിക്ക് തള്ളി മറക്കാമെന്നും മാലാപാര്‍വതി വ്യക്തമാക്കുന്നു. അതിനുള്ള കാരണം കെജിഎഫ് മലയാളം വേര്‍ഷനില്‍ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എന്റെ ശബ്ദമാണെന്നും അത് കൊണ്ട് പേടിപ്പിക്കരുതെന്നും എന്നല്ല ഇനി കെജിഎഫ് – നെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മപര്‍വ്വം ആഘോഷിക്കും, കാരണം ആ പടം ഒരു പടമാണെന്നായിരുന്നു മാലാപാര്‍വ്വതി കമന്റിന് നല്‍കിയ മറുപടി.

മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ നാല് ദിവസത്തെ റെക്കോര്‍ഡ് മറികടന്നാണ് ഭീഷ്മപര്‍വ്വം മുന്നേറുന്നത്. നാലാം വാരത്തിലും ഭീഷ്മ പര്‍വ്വം തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. സിനിമയുടെ ഓസ്ട്രേലിയ-ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു.