അതിരപ്പള്ളി മനോഹര സ്ഥലമെന്ന് പ്രശംസിച്ച് രജനീകാന്ത് ; ‘ജയിലര്‍’ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി
സ്റ്റൈല്‍ മന്നന് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകര്‍ മാത്രമല്ല മലയാളികളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ആക്ഷന്‍ കോമഡി ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനി കേരളത്തില്‍ എത്തിയത്.
ഇന്നലെ കൊച്ചിയില്‍ വിമാനമിറങ്ങിയ രജനിക്ക് അതിരപ്പിള്ളിയില്‍ ഒരു ദിവസത്തെ ചിത്രീകരണമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ആതിരപ്പിള്ളി മനോഹര സ്ഥലമെന്ന പ്രശംസാവാക്കുമായാണ് അദ്ദേഹം അവിടെ വിട്ടത്. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന് എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിലെ ഒരു സുപ്രധാന സംഘട്ടന രംഗത്തില്‍ രജനികാന്തും മോഹന്‍ലാലും പരസ്പരം ഏറ്റുമുട്ടും എന്നതാണ് അത്. ഈ രംഗത്തില്‍ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് മോഹന്‍ലാലും എത്തുന്നതെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്തത്.
തമന്ന ഭാട്ടിയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്കുമാറും അഭിനയിക്കുന്നുണ്ട്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.
അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലര്‍. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.