‘പോയി ഓസ്കർ കൊണ്ടു വാ’…’2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസയുമായി തലൈവർ
1 min read

‘പോയി ഓസ്കർ കൊണ്ടു വാ’…’2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസയുമായി തലൈവർ

ജൂഡ് ആന്റണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തിരുന്നു. ഗിരീഷ് കർണാട് അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ ജൂഡ് ആന്തണി ജോസഫിന്റെ 2018നെ കുറിച്ചുള്ള രജനികാന്തിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. എങ്ങനെയാണ് 2018 എന്ന ആ ചിത്രം ചിത്രീകരിച്ചത് എന്നാണ് ജൂഡ് ആന്തണി ജോസഫിനോട് രജനികാന്ത് അന്വേഷിച്ചത്.

സംവിധായകൻ ജൂഡ് ആന്തണി ജോസഫിനോട് തന്നെയാണ് രജനികാന്തുമായി നടത്തിയ കൂടിക്കാഴ്‍ചയുടെ വിശേഷങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്. ജൂഡ് ആന്തണി എന്തൊരു സിനിമയാണ് ഇത്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്, മനോഹരമായ വര്‍ക്ക് എന്നും രജനികാന്ത് പറഞ്ഞു. രജനികാന്തിന്റെ അനുഗ്രഹം ഓസ്‍കറിനായി തേടിയെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. പോയി ഓസ്‍കര്‍ കൊണ്ടുവാ, അതിന് തന്റെ അനുഗ്രഹവും പ്രാര്‍ഥനയും നിങ്ങള്‍ക്ക് ഉണ്ടാവുമെന്നും രജനികാന്ത് പറഞ്ഞതായി ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തിലുള്ള ചിത്രമായ തലൈവര്‍ 170ന്റെ ചിത്രീകരണത്തിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ് ഉള്ളത്. തലൈവര്‍ 17ന് രജനികാന്ത് 10 ദിവസമാണ് കേരളത്തില്‍ ഉണ്ടാകുക. മഞ്‍ജു വാര്യരും ഫഹദും രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു.