മോഹൻലാൽ 15 കിലോ കുറയ്ക്കും, പിന്നീട് 25 കിലോ കൂട്ടും !! പുതിയ ചിത്രത്തിനു വേണ്ടി കഠിന പ്രയത്നത്തിൽ താരം

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ട്. ഇരുവരും ഒന്നിക്കുമ്പോൾ മലയാളസിനിമയിൽ വലിയ വിജയചിത്രങ്ങൾ തന്നെയാണ് പിറന്നത്. ഇരുവരും ഒന്നിച്ച് പല ജോണറുകളിലുള്ള സിനിമകൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് പ്രിയദർശൻ ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന മലയാള ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്. ചിത്രത്തെക്കുറിച്ച് പ്രമുഖ മാധ്യമത്തോട് പ്രിയദർശൻ തന്നെയാണ് സൂചനകൾ നൽകിയത്. മോഹൻലാലും താനും പല ജോണറുളിലുള്ള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സ്പോർട്സ് ഡ്രാമ പോലുള്ള ഒരു ചിത്രം ഇതുവരെയും ചെയ്തിട്ടില്ല എന്നും മാർട്ടിൻ സ്കോർസെസെയുടെ റേജിംഗ് ബുൾ തന്നെ എക്കാലത്തും ഭ്രമിപ്പിച്ചിട്ടുള്ള ഒരു സിനിമയാണെന്നും പ്രിയദർശൻ പറയുന്നു. 1980-ൽ പുറത്തിറങ്ങിയ മികച്ച ഒരു ക്ലാസിക് ചിത്രമാണ് സ്കോർസസെ സംവിധാനം ചെയ്ത റേജിംഗ് ബുൾ. മോഹൻലാൽ ബോക്സർ ആയി എത്തുന്ന ഈ ചിത്രം 2021 ഓഗസ്റ്റ് മാസം തുടങ്ങാനായിരുന്നു പ്രിയദർശൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം സാഹചര്യങ്ങൾക്ക് കൂടുതൽ വെല്ലുവിളി ഉയർത്തിയതോടെ പ്രൊജക്റ്റ് നീണ്ടുപോവുകയാണ് ചെയ്തത്. നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

തുടർന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞ് ബാറോസിന്റെ അടുത്ത ഷെഡ്യൂൾ മോഹൻലാൽ പൂർത്തിയാക്കും. തുടർന്ന് പ്രിയദർശൻ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമയിൽ മോഹൻലാൽ അഭിനയിക്കും. ചിത്രത്തിനുവേണ്ടി ശാരീരികമായ വലിയ തയ്യാറെടുപ്പാണ് മോഹൻലാലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന പ്രിയദർശൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.’ബോക്സിങ് കഥാപാത്രത്തിനു വേണ്ടി ആദ്യം കുറഞ്ഞത് 15 കിലോയെങ്കിലും കുറയ്ക്കേണ്ടി വരും പിന്നീട് കഥാപാത്രത്തിന്റെ വാർദ്ധക്യ കാലം കാണിക്കുന്നതിന് വേണ്ടി 25 കിലോയെങ്കിലും കൂട്ടേണ്ടി വരും” പ്രിയദർശന്റെ ഈ വാക്കുകൾ വലിയ ആവേശമാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്. അണിയറയിൽ ഒരുങ്ങുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് ഏവരും.

Related Posts

Leave a Reply