ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍
1 min read

ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍

പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സൂരജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഹിറ്റ് മേക്കര്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ ഏറെയുമാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയൊരു അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ഖലീഫ എന്ന ചിത്രത്തിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്ത വാര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറമേ ദുബായ്, നേപ്പാള്‍ എന്നീ സ്ഥലങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ ചിത്രമായിട്ടാണ് ചിത്രം ഒരുക്കുന്നത്. കൈതി, മാസ്റ്റര്‍, ദസ്ര തുടങ്ങിയ വമ്പന്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്കായി സഹകരിച്ചിട്ടുള്ള സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

അതേസമയം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രമാണ് പൃഥ്വിരാജ് അഭിനയിച്ച് അടുത്തിടെ പൂര്‍ത്തിയാക്കിയ ചിത്രം. ‘കടുവ’ എന്ന വന്‍ ഹിറ്റിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്നതിനാല്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാപ്പ’. ചിത്രത്തിന്റെ ടീസര്‍ പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ പുറത്തുവിട്ടിരുന്നു. ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

പൃഥ്വിരാജ് നായകനായി ഒട്ടേറെ ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന് പ്രഭാസ് ചിത്രമായ സലാര്‍, ബ്ലസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം, എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍. വേറെയും പുതിയ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്.