പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ് ; എന്താണ് പുതിയ തുടക്കമെന്ന് ചോദിച്ച് ആരാധകര്‍, ചിത്രം വൈറല്‍
1 min read

പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ് ; എന്താണ് പുതിയ തുടക്കമെന്ന് ചോദിച്ച് ആരാധകര്‍, ചിത്രം വൈറല്‍

ഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പത്തൊന്‍പതാം വയസ്സില്‍ കോളേജിലെ വേനല്‍ അവധിക്കാലത്ത് ഓസ്ട്രേലിയയില്‍ നിന്നും തിരുവന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. അവധികാലത്തിന്റെ ബോറടി മാറ്റാന്‍ അമ്മ മല്ലികാ സുകുമാരന്‍ പറഞ്ഞിട്ടായിരുന്നു രഞ്ജിത്തിനെ കാണാന്‍ പോയതും നന്ദനം എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ എത്തുന്നത്. അഭിനയിച്ച് നോക്കിയിട്ട് കോളേജിലേക്ക് തിരിച്ചുപോകുവാനുള്ള പ്ലാനിലായിരുന്നു. എന്നാല്‍ കോളേജിലേക്ക് പോകേണ്ടിവന്നില്ല. പകരം മലയാള സിനിമയിലെ യങ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുള്ള വളര്‍ച്ചയായിരുന്നു പിന്നീട് പൃഥ്വിരാജിന്.

നടന്‍ എന്നതിനു പുറമേ സംവിധായകനാകും തിളങ്ങുന്ന പൃഥ്വിരാജ് തന്റെ ഓരോ വിശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. പുതിയ തുടക്കത്തിലേക്ക് എന്ന് എഴുതി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ‘കാളിയന്‍’ എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് ‘എമ്പുരാനെ’ കുറിച്ചായിരിക്കും എന്നാണ്. ‘ആടുജീവിത’ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് നായകനായി കാപ്പ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം റിലീസ് ചെയ്തത്. 25 കോടിയാണ് പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയത്. ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ആണ് കാപ്പയിലൂടെ കാണാന്‍ സാധിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഗുണ്ടകളുടെയും ക്വട്ടേഷന്‍ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളാണ്. തലസ്ഥാന നഗരിയുടെ ഇരുണ്ട വശം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.