ആക്ഷനില്‍ വിസ്മയിപ്പിച്ച് ധ്രുവ സര്‍ജ ; 60 മില്യണ്‍ കാഴ്ച്ചക്കാരുമായി മാര്‍ട്ടിന്‍ ടീസര്‍
1 min read

ആക്ഷനില്‍ വിസ്മയിപ്പിച്ച് ധ്രുവ സര്‍ജ ; 60 മില്യണ്‍ കാഴ്ച്ചക്കാരുമായി മാര്‍ട്ടിന്‍ ടീസര്‍

കെജിഎഫിനു ശേഷം സാന്‍ഡല്‍വുഡില്‍ നിന്നും കേരളക്കരയില്‍ തരംഗകമാകാന്‍ മറ്റൊരു ആക്ഷന്‍ ചിത്രം കൂടി. ആക്ഷന്‍ ഹീറോ എന്നറിയപ്പെടുന്ന അര്‍ജുന്‍ കഥയെഴുതി എ.പി. അര്‍ജുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാര്‍ട്ടിന്‍ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ് മാര്‍ട്ടിന്‍. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പ്രീമിയര്‍ ബെംഗലൂരുവില്‍ നടന്നിരുന്നു. ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം എത്തിയ ടീസര്‍ പ്രീമിയറിന് ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ഒരൊറ്റ ദിവസം കൊണ്ട് 60 മില്യണ്‍കാഴ്ച്ചക്കാരുമായി മുന്നേറുകയാണ്. യൂട്യൂബില്‍ ട്രന്‍ഡിംഗായി മാറിയിരിക്കുകയാണ് മാര്‍ട്ടിന്‍ ടീസര്‍.

ചിത്രത്തിന്റെ സ്‌കെയില്‍ എത്രത്തോളം ആണെന്ന വ്യക്തമായ സൂചന നല്‍കുന്നത് ആണ് 2 മിനിറ്റ് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ടീസറിന്റെ പ്രത്യേകത. കന്നഡയില്‍ ആക്ഷന്‍ പ്രിന്‍സ് എന്ന് അറിയപ്പെടുന്ന ധ്രുവ സര്‍ജ ഈ ചിത്രത്തിനായി ഏറെ ഒരുക്കങ്ങളാണ് നടത്തിയത് എന്ന് ടീസര്‍ വെളിവാക്കുന്നുണ്ട്. ധ്രുവ സര്‍ജ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാക് ജയിലില്‍ തടവ് പുള്ളിയായി എത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. പാന്‍ ഇന്ത്യ എന്നതല്ല മികച്ചൊരു ചിത്രം എല്ലാ പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ ആഗ്രഹിക്കുന്നതെന്ന് ടീസര്‍ ലോഞ്ച് ചടങ്ങില്‍ നായകന്‍ ധ്രുവ സര്‍ജ പറഞ്ഞു.

കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഉണ്ടാകും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ധ്രുവ് സര്‍ജയുടെ അമ്മാവനും തെന്നിന്ത്യയിലെ ആക്ഷന്‍ കിംഗുമായ അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ധ്രുവ സര്‍ജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ മാര്‍ട്ടിനുണ്ട്. കെജിഎഫ് ഫെയിം രവി ബസ്രൂര്‍ ആണ് പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ മാണി ശര്‍മ്മ ഒരുക്കുന്നു.ഛായാഗ്രഹണം സത്യ ഹെഗ്ഡെയും എഡിറ്റിങ് കെ എം പ്രകാശും നിര്‍വഹിക്കുന്നു. എഡിറ്റര്‍ കെ എം പ്രകാശ്. സംഘടനം രാമലക്ഷ്മണ. വാസവി എന്റര്‍പ്രൈസിന്റെ ബാനറില്‍ ഉദയ് കെ മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.