റിലീസ് ദിവസം തമിഴ്നാട്ടിൽ നിന്ന് വൻ കളക്ഷൻ നേടി പ്രേമലു; തമിഴ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്
1 min read

റിലീസ് ദിവസം തമിഴ്നാട്ടിൽ നിന്ന് വൻ കളക്ഷൻ നേടി പ്രേമലു; തമിഴ് ഓപ്പണിങ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

സിനിമകൾ തിയറ്റർ റിലീസിൻറെ ഒരു മാസത്തിനിപ്പുറവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് ഇന്ന് അപൂർവ്വമാണ്. എന്നാൽ 2024ൽ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ മിക്കതും ഹിറ്റാവുകയാണ്. പ്രേമലുവിൻറെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ന് എത്തിയ ചിത്രം ആദ്യദിനം തന്നെ മികച്ച പ്രേക്ഷകപ്രതികരണം നേടി കൊള്ളാവുന്ന ഓപണിംഗ് കളക്ഷനോടെ ആരംഭിച്ചതാണ്. തരംഗമായതിന് പിന്നാലെ ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കഴിഞ്ഞ വാരം റിലീസ് ചെയ്തിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം നേടിയതിൻറെ ചുവട് പിടിച്ച് പ്രേമലുവിൻറെ തമിഴ് പതിപ്പ് ഈ വാരം തിയറ്ററുകളിൽ എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് പതിപ്പ് നേടിയ ഓപണിംഗ് കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തെത്തിയിരിക്കുകയാണ്. പ്രേമലുവിൻറെ തെലുങ്ക് പതിപ്പ് വിതരണം ചെയ്തത് എസ് എസ് കാർത്തികേയ ആണെങ്കിൽ തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് ആണ്. വെള്ളിയാഴ്ചയായിരുന്നു തമിഴ് പതിപ്പിൻറെ റിലീസ്. തമിഴിലെ പ്രധാന നിരൂപകരൊക്കെയും മികച്ച അഭിപ്രായം പറഞ്ഞ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരും ചിത്രം തങ്ങളെ രസിപ്പിച്ചെന്ന് അഭിപ്രായം പറയുന്നുണ്ട്.

ട്രാക്കർമാരായ ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യയുടെ കണക്കനുസരിച്ച് പ്രേമലുവിൻറെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ നിന്ന് റിലീസ് ദിനത്തിൽ 50 ലക്ഷത്തോളം നേടിയിട്ടുണ്ട്. മികച്ച അഭിപ്രായം വന്നത് ശനിയാഴ്ചത്തെ അഡ്വാൻസ് ബുക്കിംഗിലും പ്രതിഫലിക്കുന്നുണ്ട്. ഈ വാരാന്ത്യത്തിൽ ചിത്രം എത്ര നേടുമെന്ന ആകാംക്ഷയിലാണ് തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ. മികച്ച സ്ക്രീൻ കൗണ്ടുമുണ്ട് ചിത്രത്തിന്. അതേസമയം പ്രേമലുവിൻറെ തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകൾക്ക് ചെന്നൈയിൽ നിലവിൽ പ്രദർശനമുണ്ട്. മൂന്ന് ഭാഷാ പതിപ്പുകൾക്കും മികച്ച ഒക്കുപ്പൻസിയും ലഭിക്കുന്നുണ്ട്.