”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ​ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ
1 min read

”ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് ലാലേട്ടൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല”; ​ഗുണകേവിലെ അപകടം പിടിച്ച അനുഭവം വെളിപ്പെത്തി അനന്യ

ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവിലാണ് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രം എം പദ്മകുമാറിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചത്. ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ ഗുണ കേവിലുള്ള അപകടകരമായ പാറക്കെട്ടുകൾക്കിടയിൽ തൂക്കിയിട്ട് വില്ലൻ വിലപേശുന്ന ഒരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. ഈ ക്ളൈമാക്സ് സീനിനെക്കുറിച്ച് മോഹൻലാലും സംവിധായകൻ പദ്മകുമാറും ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ സാഹസിക രംഗത്തിൽ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി അനന്യ.

ആ ക്ളൈമാക്സ് രംഗത്തിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാം എന്ന് താൻ തന്നെ പറയുകയായിരുന്നു എന്നാണ് അനന്യ പറയുന്നത്. മോഹൻലാൽ പദ്മകുമാർ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ തുടങ്ങി സെറ്റിലുള്ള എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയും കഠിനാധ്വാനവുമാണ് ആ ചിത്രം വളരെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കാരണമെന്ന് അനന്യ പറയുന്നു.

“2009-10 കാലഘട്ടത്തിലാണ് പപ്പേട്ടൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയിൽ അഭിനയിച്ചത്. അന്ന് ഞാൻ ഒരു 21-22 വയസ്സ് പ്രായമുള്ള ചെറിയ പെൺകുട്ടി ആയിരുന്നല്ലോ. കമലഹാസൻ സാറിന്റെ ഗുണ ചിത്രീകരിച്ച ഗുഹയിൽ വച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു എന്ന ത്രില്ലിൽ ആയിരുന്നു അന്ന്. അവിടെ ഷൂട്ട് ചെയ്യുന്നതിന്റെ അപകട സാധ്യത ഒന്നും എന്റെ മനസ്സിൽ ഇല്ല. ഞാൻ ഒരു ത്രില്ലിൽ ആയിരുന്നു. പ്രായത്തിന്റെ ഒരു സ്വഭാവം ആയിരിക്കും അന്ന്. കയറിൽ കെട്ടി കൊക്കയിലേക്ക് തൂക്കി ഇട്ടിരിക്കുകയാണ്. താഴേക്ക് നോക്കിയാൽ കൊക്ക ആണ്. വളരെ ശ്രദ്ധയോടെ സുരക്ഷിതമായി ആണ് എന്നെ കയർ കൊണ്ട് കെട്ടി ഇറക്കിയത്.

ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാം എന്ന് എന്നോട് പപ്പേട്ടൻ ലാലേട്ടൻ ഉൾപ്പടെ എല്ലാവരും പറഞ്ഞിരുന്നു. പക്ഷെ ഞാൻ പറഞ്ഞു വേണ്ട ഞാൻ തന്നെ ചെയ്തുകൊള്ളാം എന്ന്. ആദ്യമൊന്നും അവർ സമ്മതിച്ചില്ല പിന്നെ എന്റെ ആത്മവിശ്വാസം കണ്ടപ്പോൾ സമ്മതിക്കുകയായിരുന്നു. ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു സ്റ്റണ്ട് ഡയറക്ടർ. അദ്ദേഹവും പപ്പേട്ടനും ലാലേട്ടനും മുഴുവൻ ക്രൂവും നല്ല പിന്തുണ നൽകിയിരുന്നു. എന്നെ തൂക്കിയിട്ടിട്ട് മുകളിലേക്ക് കയർ വലിച്ച് പൊക്കുന്ന രംഗമുണ്ട്. ആ കയർ വലിക്കുന്നത് വില്ലൻ ആണ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ശരിക്കും അവിടെ ലാലേട്ടൻ ത്യാഗരാജൻ മാസ്റ്റർ ഉൾപ്പടെ ഒരുപാട് പേര് എന്നെ വലിച്ചു പൊക്കാൻ ഉണ്ടായിരുന്നു എന്നത് എനിക്ക് ഓർമ്മയുണ്ട്. പാറയുണ്ട് താഴെ നെഞ്ച് അവിടെ അടിക്കരുത് എന്ന് വിളിച്ചു പറയുമായിരുന്നു.

ഞാൻ താഴെക്കൊന്നും നോക്കിയില്ല , അന്ന് അങ്ങനെ പേടി ഒന്നും തോന്നിയില്ല. ചെയ്യുന്നത് പൂർണ്ണതയോടെ ചെയ്യുക എന്ന് മാത്രമേ അപ്പൊ ആലോചിച്ചുള്ളു. ഞാൻ മാത്രമല്ല ലാലേട്ടൻ പപ്പേട്ടൻ സംവിധാന സഹായികൾ, ക്യാമറ ക്രൂ തുടങ്ങി സെറ്റിലെ ഓരോരുത്തരും ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവരും ഒരേപോലെ വർക്ക് ചെയ്തിട്ടാണ് ആ സിനിമ അത്ര നന്നായി ചെയ്യാൻ കഴിഞ്ഞത്”. അനന്യ പറയുന്നു.

മോഹൻലാൽ നായകനായി 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ശിക്കാർ. ഈ ചിത്രം സംവിധാനം ചെയ്തത് എം. പത്മകുമാറാണ്‌. എസ്‌. സുരേഷ്‌ ബാബുവായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌. ലോറി ഡ്രൈവറായ ബാലരാമൻ എന്ന കഥാപാത്രത്തെയാണ്‌ ശിക്കാറിൽ മോഹൻലാൽ അവതരിപ്പിച്ചത്‌. മോഹൻലാലിന്റെ മകളായി അനന്യയും ഭാര്യയായി സ്നേഹയും അഭിനയിച്ച ചിത്രത്തിൽ പ്രശസ്ത തമിഴ്‌ സംവിധായകൻ സമുദ്രകനിയാണ്‌ വില്ലനായി എത്തിയത്. കൊടൈക്കനാലിലെ ഗുണ കേവിനുള്ളിൽ വച്ചാണ്‌ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ചിത്രീകരിച്ചത്‌. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.